ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ നഗരത്തില്‍ മെട്രോ സര്‍വീസ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ ജമ്മുവിലും ശ്രീനഗറിലും മെട്രോ സര്‍വീസ് ആരംഭിക്കും. ജമ്മുവിലെ ഭഗവതി നഗറില്‍ നടത്തിയ പൊതു യോഗത്തിലാണു കശ്മീര്‍ ജനതയ്ക്ക് അമിത് ഷായുടെ വാഗ്ദാനം.
കശ്മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം നടത്തിയ പൊതുയോഗത്തില്‍, ജമ്മു വിമാനത്താവളം വികസിപ്പിക്കുമെന്നും കശ്മീരിലെ എല്ലാ ജില്ലയിലും ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. ‘ജമ്മു കശ്മീരില്‍ തുടക്കം കുറിച്ചിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ക്ഷേത്രങ്ങളുടെയും ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ത്യാഗത്തിന്റെയും നാടാണു കശ്മീര്‍. ഇവിടത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല’- അമിത് ഷാ പറഞ്ഞു.
‘12,000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണു കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നടത്തിയിരിക്കുന്നത്. 2022 അവസാനത്തോടെ ഇത് 51,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. കശ്മീരിന്റെ വികസനത്തിനായി യുവാക്കള്‍ കൂടി മുന്നിട്ടിറങ്ങിയാല്‍ ഭീകരവാദികളുടെ എല്ലാ നീക്കങ്ങളും പരാജയപ്പെടുത്താനാകും. ഭീകരവാദത്തെ പൂര്‍ണമായി തുടച്ചുനീക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. അക്രമ സംഭവങ്ങളില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടമാകുന്നതു തടയും’- അമിത് ഷാ പറഞ്ഞു.