മെട്രോ ജനകീയ യാത്ര; ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു

കൊച്ചി: മെട്രോ ജനകീയ യാത്ര കേസില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു. രമേശ് ചെന്നിത്തല, എം എം ഹസന്‍, വി ഡി സതീശന്‍, പി ടി തോമസ് തുടങ്ങി 29 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് മെട്രോ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു കേസ്. ജനപ്രതിനിധികള്‍ക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

2017 ലാണ് മെട്രോയില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ജനകീയ യാത്ര നടത്തിയത്. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര. മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്റെ മെട്രോ യാത്ര. എന്നാല്‍ പ്രവര്‍ത്തകര്‍ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങള്‍ താറുമാറാക്കി.

മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപ പിഴയും നല്‍കണം.

 

Top