രാജ്യത്ത് മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നു; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറക്കിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സെപ്റ്റംബര്‍ 7 മുതല്‍ മെട്രോ സേവനങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഒന്നിലധികം ലൈനുകളുള്ള വലിയ മെട്രോ സേവനങ്ങള്‍ ഓരോ ലൈനുകളായി ഘട്ടംഘട്ടമായി മാത്രമേ സേവനം തുടങ്ങാവൂ. സെപ്റ്റംബര്‍ 12 ആകുമ്പോഴേക്ക് എല്ലാ ലൈനുകളും പ്രവര്‍ത്തനസജ്ജമാകുന്ന തരത്തിലാകണം സേവനങ്ങള്‍ സജ്ജീകരിക്കേണ്ടത് തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.

കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള മെട്രോ സ്റ്റേഷനുകള്‍ അടഞ്ഞുതന്നെ കിടക്കും. രാജ്യത്തെ 15 മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എംഡിമാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം പുതിയ മാര്‍ഗരേഖ തയ്യാറാക്കിയത്. ആദ്യദിവസങ്ങളില്‍ സര്‍വീസ് മണിക്കൂറുകള്‍ കുറച്ചുമതി. പിന്നീട്, ഘട്ടം ഘട്ടമായി സെപ്റ്റംബര്‍ 12 ആകുമ്പോഴേക്ക് മാത്രമേ മുഴുവന്‍ സര്‍വീസുകളും തുടങ്ങാവൂ. സ്റ്റേഷനില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്ന തരത്തില്‍ സര്‍വീസ് സമയം തീരുമാനിക്കണം.

സ്റ്റേഷനുകളില്‍ സജ്ജീകരണവും ഒരുക്കണം. സമൂഹ അകലം പാലിച്ച് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കൂടുതല്‍ സമയം മെട്രോ സ്റ്റേഷനില്‍ നിര്‍ത്തണം – മാര്‍ഗനിര്‍ദേശരേഖയില്‍ പറയുന്നു.സമൂഹ അകലം ഉറപ്പാക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ പ്രത്യേക ഇടങ്ങള്‍ ഒരുക്കണം. അവ കൃത്യമായി അടയാളപ്പെടുത്തണം. മാസ്‌ക് നിര്‍ബന്ധമാണ്. പുറത്ത് മാസ്‌കുകള്‍ വിതരണം ചെയ്യണമെങ്കില്‍ അതിന് മെട്രോ റയില്‍ കോര്‍പ്പറേഷന്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം. രോഗലക്ഷണങ്ങളുള്ള ആളുകളെ ഒരു കാരണവശാലും സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കരുത്. തെര്‍മല്‍ സ്‌ക്രീനിംഗ് സ്റ്റേഷന് പുറത്ത് നടത്തണം.

എന്തെങ്കിലും രോഗലക്ഷണം കണ്ടാല്‍ അവരെ തൊട്ടടുത്ത കൊവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ ടെസ്റ്റിംഗിനോ ചികിത്സയ്‌ക്കോ ആയി മാറ്റണം. ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കണം – എന്ന് മാര്‍ഗരേഖ. സ്റ്റേഷനുകളുടെ പുറത്ത് സാനിറ്റൈസറുകള്‍ വയ്ക്കണം. ടിക്കറ്റെടുക്കാന്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കണമെന്നത് പരമാവധി പ്രോത്സാഹിപ്പിക്കണം. ടോക്കണെടുക്കുകയാണെങ്കില്‍ സാനിറ്റൈസ് ചെയ്ത ശേഷം മാത്രമേ പാടുള്ളൂ. എസിയുടെ താപനില പരമാവധി കൂട്ടും. വെന്റിലേഷന്‍ സംവിധാനം വഴി പരമാവധി വായു പുറത്തേക്കും അകത്തേക്കും വരുന്നത് ഉറപ്പാക്കും.

Top