വാഷിംഗ്ടണ്‍ ഡിസി: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മടിക്കില്ലെന്ന പ്രസ്താവനയുമായ് ട്രംപ്. ടെക്‌സസ് മെക്‌സിക്കന്‍ അതിര്‍ത്തി സന്ദര്‍ശിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു ട്രംപ് വീണ്ടും അടിയന്തിരാവസ്ഥ പ്രസ്താവന നടത്തിയത്.
അനധികൃത കുടിയേറ്റം തടയുന്നതിന് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ വേണ്ടിവന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മടിക്കില്ലെന്നായിരുന്നു പ്രഖ്യാപനം. ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനു പ്രതിപക്ഷ ഡെമോക്രാറ്റുകളുമായി ബുധനാഴ്ച വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ട്രംപ് വാക്കൗട്ട് നടത്തിയിരുന്നു. മതിലിന് 500 കോടി ഡോളര്‍ വകയിരുത്തണമെന്നാണു ട്രംപിന്റെ ആവശ്യം.
ഇതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപന നീക്കം തടയാന്‍ ജനപ്രതിനിധി സഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് ന്യൂയോര്‍ക്കില്‍നിന്നുള്ള പ്രതിനിധി ഗ്രേസ് മെംഗ് പറഞ്ഞു. കോടതിയെ സമീപിക്കാനും ചിലര്‍ നീക്കം നടത്തുന്നുണ്ട്.