Mexican president cancels US visit over Trump’s order to build border wall

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള യുഎസിന്റെ നീക്കത്തിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ്‌ ട്രംപിന്റെ മോശം ട്വിറ്റര്‍ പരാമര്‍ശത്തേയും തുടര്‍ന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന നിതോ യുഎസ് സന്ദര്‍ശനം ഉപേക്ഷിച്ചു.

ചൊവ്വാഴ്ച നടക്കാനിരുന്ന സന്ദര്‍ശനമാണ് പെന നിതോ റദ്ദാക്കിയത്. ഇക്കാര്യം വൈറ്റ് ഹൗസിനെ അറിയിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് പണം മുടക്കാന്‍ തയാറല്ലെങ്കില്‍ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കുന്നതാണ് നല്ലതെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനു തൊട്ടുപിന്നാലെ പെന നിതോ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള യുഎസിന്റെ നീക്കത്തിലും ട്രംപിന്റെ മോശം പരാമര്‍ശത്തിലും മെക്‌സിക്കോ അപലപിച്ചു.

മെക്‌സിക്കോ മതിലുകളില്‍ വിശ്വിക്കുന്നില്ലെന്ന് പെന നിതോ പറഞ്ഞു. വീണ്ടും പറയാന്‍ ആഗ്രഹിക്കുകയാണ്, ഒരു തരത്തിലുള്ള മതില്‍ നിര്‍മാണത്തിനും മെക്‌സിക്കോ പണം മുടക്കില്ല. യുഎസിന്റെ മതില്‍ നിര്‍മാണത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

അനധികൃത കുടിയേറ്റം തടയാനെന്നു ചൂണ്ടിക്കാട്ടിയാണ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ യുഎസ് ഒരുങ്ങുന്നത്. മതില്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവില്‍ ബുധനാഴ്ചയാണ് ട്രംപ് ഒപ്പുവച്ചത്. ഇതിന്റെ ചെലവ് മെക്‌സിക്കോയില്‍നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top