ദോഹ: ഗില്ലർമോ ഒച്ചാവ എന്ന മെക്സിക്കന്‍ ഗോൾ കീപ്പർക്ക് മുന്നില്‍ റോബർട്ട് ലെവന്‍ഡോവ്സ്‍കി പെനാല്‍റ്റി അടിയറവുപറഞ്ഞപ്പോള്‍ മെക്സിക്കോ-പോളണ്ട് മത്സരം ഗോള്‍രഹിതം. ആക്രമണവും പ്രത്യാക്രമണവും ഗോളിമാരുടെ മികവും കണ്ട മത്സരത്തില്‍ 90 മിനുറ്റുകളിലും ഏഴ് മിനുറ്റ് അധികസമയത്തും ഇരു ടീമിനും ലക്ഷ്യം കാണാനായില്ല.
ഇരു ടീമുകളും ആക്രമിച്ച് കളിച്ച ആദ്യപകുതി അതി സുന്ദരമായിരുന്നു. പോളിഷ് നിരയില്‍ റോബർട്ട് ലെവന്‍ഡോവ്‍സ്‍കിയുണ്ടായിട്ടും കൂടുതല്‍ ആക്രമണം മെക്സിക്കോയുടെ ഭാഗത്തുനിന്നായിരുന്നു. രണ്ടാംപകുതിയില്‍ 57-ാം മിനുറ്റില്‍ മത്സരത്തിലെ ഗോള്‍ ക്ഷാമം മാറുമെന്ന് കരുതി. ബോക്സില്‍ റോബർട്ട് ലെവന്‍ഡോവ്‍സ്‍കിയെ ഹെക്ടർ മൊറീനോ വീഴ്ത്തിയതിന് വാറിനൊടുവില്‍ റഫറി പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ മെക്സിക്കന്‍ ഗോളി ഗില്ലർമോ ഒച്ചാവ ഇടത്തേക്ക് ചാടി ലെവന്റെ കിക്ക് സാഹസികമായി പാറിത്തടുത്തിട്ടു.
പിന്നാലെ ഇരു ടീമും ശക്തമായ പോരാട്ടമാണ് മൈതാനത്ത് അഴിച്ചുവിട്ടത്. അതുപോലെ കടുത്തതായി പ്രതിരോധവും. ഏഴ് മിനുറ്റ് അധികസമയത്ത് പോളിഷ് താരങ്ങള്‍ കുതിക്കാന്‍ ശ്രമിച്ചപ്പോഴും ഫലമുണ്ടായില്ല. ഒടുവില്‍ മത്സരം ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.