മെക്‌സിക്കോ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന് ചരിത്ര വിജയം

മെക്‌സിക്കോ : മെക്‌സിക്കോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ടിയായ മൊറേനയെ പ്രതിനിധീകരിച്ച ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന് ചരിത്ര വിജയം. 64 കാരനായ ഒബ്രഡോര്‍ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ടുനേടിയാണ് വന്‍ വിജയം കരസ്ഥമാക്കിയത്. എതിരാളിയായ നാഷണല്‍ ആക്ഷന്‍ പാര്‍ട്ടിയുടെ റിക്കാര്‍ഡോ അനായക്ക് 22 ശതമാനം വോട്ടുകളാണ് ലഭിച്ചതെന്ന് മെക്‌സിക്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറഞ്ഞു.

അതേസമയം ഇന്‍സ്റ്റിറ്റിയൂഷണല്‍ റവല്യൂഷണറി പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോസ് ആന്റോണിയോ മീഡക്ക് ലഭിച്ചത് 16 ശതമാനം വോട്ടാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ കൂടുതല്‍ കാലം മെക്‌സിക്കോ ഭരിച്ച പാര്‍ട്ടിയാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ റെവല്യൂഷണറി പാര്‍ട്ടി. ലക്ഷക്കണക്കിന് മെക്‌സിക്കക്കാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം തെറ്റിക്കില്ലെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാധ്യമങ്ങളെ കാണവേ ലോപ്പസ് പറഞ്ഞു.

‘ആര്‍ജവത്തോടെയും നീതിപൂര്‍വ്വവും ഈ രാജ്യത്തെ ഞാന്‍ നയിക്കും. നിങ്ങളെ ഞാന്‍ പരാജയപ്പെടുത്തില്ല. നിങ്ങളെ ഞാന്‍ ദുഖിതരാക്കില്ല. ജനങ്ങളെ ഒരിക്കലും ഞാന്‍ ചതിക്കില്ല- ലോപ്പസ് പറഞ്ഞു. ലോപ്പസിനെ പിന്തുണക്കുന്നവര്‍ മെക്‌സിക്കോ നഗരത്തില്‍ കൂട്ടമായി എത്തി അഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു.

അഴിമതിക്കും പട്ടിണിക്കുമെതിരായിരിക്കും തന്റെ പോരാട്ടമെന്ന് ഒബ്രഡോര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രഖ്യാപിച്ചിരുന്നു. വടക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായ മെക്‌സിക്കോയില്‍ പ്രസിഡന്റിന് പുറമെ 128 സെനറ്റ് അംഗങ്ങളെയും 500 അധോസഭാംഗങ്ങളെയും ഒമ്പത് ഗവര്‍ണര്‍മാരെയും ആയിരത്തോളം പ്രാദേശിക പ്രതിനിധികളെയുമടക്കം മൂവായിരത്തോളം ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടന്നത്.

ലാറ്റിനമേരിക്കയിലെ വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ് മെക്‌സിക്കോ. എണ്ണയാണ് പ്രധാന വരുമാനമാര്‍ഗമായിട്ടുള്ളത്. രാജ്യത്തെ 12.75 കോടി ജനങ്ങളില്‍ പകുതിയും ദാരിദ്ര്യരേഖക്കു താഴെയാണ്. അഴിമതിയും സംഘര്‍ഷങ്ങളും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലിചെയ്യാന്‍ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിലൊന്നായാണ് മെക്‌സികോയെ കരുതുന്നത്. 8.8 കോടി ജനങ്ങള്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. മാസങ്ങള്‍ നീണ്ട കലാപങ്ങളെ മുന്നില്‍ കണ്ട് വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

Top