ദില്ലിയിൽ നടുറോഡില്‍ എംജി ഗ്ലോസ്റ്ററിന് തീപിടിച്ചു; സഹായം തേടി ഉടമ

ദില്ലിയിൽ നടുറോഡില്‍ പുതിയ കാറിന് തീപിടിച്ചു. ​ദേശീയ തലസ്ഥാന നഗരത്തിലെ തിരക്കേറിയ പൊതുവഴിയിൽ ചൈനീസ് വാഹന ബ്രാൻഡായ എംജിയുടെ ഗ്ലോസ്റ്റർ എസ്‌യുവി കത്തി നശിച്ചെന്ന് ടൈംസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിൽ വാഹന ഉടമ പ്രകാർ ബിൻഡാലിന് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ദിവസം മുമ്പ് സർവീസ് കഴിഞ്ഞ പുറത്തിറക്കിയ വാഹനമാണ് അപകടത്തിൽപ്പെട്ടത് എന്ന് ഉടമ പറയുന്നു.

ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വാഹന ഉടമ പങ്കുവെച്ചത്. എം.ജി മോട്ടോഴ്സിനേയും മറ്റ് സർക്കാർ പ്രതിനിധികളെയും ടാഗ് ചെയ്താണ് പോസ്റ്റ്. വാഹനത്തിൽ ​രൂപമാറ്റം വരുത്തിയിട്ടില്ലെന്നും എക്സ്ട്രാ ഫിറ്റിങ്ങുകളൊന്നും നടത്തിയിട്ടില്ലെന്നും ഉടമ പറയുന്നു. എം.ജിയിൽ നിന്ന് തനിക്ക് നീതി ലഭിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.

പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് എം.ജി മോ​ട്ടോഴ്സും പിന്നീട് രംഗത്തെത്തി. ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉപഭോക്താവിന് പൂർണമായ സഹായം നൽകുമെന്നും എം.ജി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും എം ജി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് വാഹന ബ്രാന്‍ഡായ എം‌ജി മോട്ടോർ ഇന്ത്യയിൽ നിന്നുള്ള മുൻനിര ഉൽപ്പന്നമാണ് ഗ്ലോസ്റ്റര്‍. ടൊയോട്ട ഫോര്‍ചയൂണര്‍, സ്‍കോഡ കോഡിയാക്ക് തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരെ മത്സരിക്കുന്ന എംജി ഗ്ലോസ്റ്റര്‍ സൂപ്പർ, ഷാർപ്പ്, സാവി എന്നിങ്ങനെ മൂന്ന് വേരിയൻറ് ഓപ്ഷനുകളിൽ ലഭ്യമാണ്.

മൂന്ന് വേരിയന്റുകളിലും ഏഴ് സീറ്റുകളുള്ള ലേഔട്ട് സ്റ്റാൻഡേർഡായി ലഭിക്കുന്നു. അതേസമയം ആറ് സീറ്റുകളുള്ള ലേഔട്ട് സാവി വേരിയന്റിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ഫോർ-വീൽ ഡ്രൈവ് ഓപ്ഷനും ടോപ്പ്-സ്പെക്ക് വേരിയന്റിൽ മാത്രം വാഗ്ദാനം ചെയ്യുന്നു. രണ്ട് ട്യൂണുകളിലായി 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതുക്കിയ എംജി ഗ്ലോസ്റ്ററിന് കരുത്തേകുന്നത് . 2WD സജ്ജീകരണമുള്ള ടർബോ എഞ്ചിൻ 4,000 ആർപിഎമ്മിൽ 157 ബിഎച്ച്പിയും 1,500-2,400 ആർപിഎമ്മിൽ 373.5 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. 4WD സജ്ജീകരണമുള്ള രണ്ടാമത്തെ ട്വിൻ-ടർബോ എഞ്ചിൻ 4,000rpm-ൽ 210bhp ഉം 1,500-2,400rpm-ൽ 478.5Nm ടോർക്കും സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി ലഭിക്കും.

സുരക്ഷയുടെ കാര്യത്തിൽ, നിലവിലുള്ള അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിന് (ADAS) ഇപ്പോൾ ഡോർ ഓപ്പൺ വാണിംഗ് (DOW), റിയർ ക്രോസ് ട്രാഫിക് അലേർട്ട് (RCTA), ലെയ്ൻ ചേഞ്ച് അസിസ്റ്റ് (LCA) തുടങ്ങിയ സെഗ്‌മെന്റ് ഫീച്ചറുകൾ ലഭിക്കുന്നു. നിലവിലുള്ള 30 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾക്ക് പുറമെയാണ് ഈ പുതിയ സുരക്ഷാ ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കുന്നത്

Top