SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടർ എസ്‍യുവി. വിപണിയിൽ മികച്ച പ്രതികരണമാണ് വാഹനത്തിനുള്ളത്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്.
ഇപ്പോഴിതാ ആനിവേഴ്‍സറി എഡിഷൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോർസ് ഇന്ത്യ. സൂപ്പർ വേരിയന്റിന്റെ അതെ വിലയാണ് ഹെക്ടർ ആനിവേഴ്സറി എഡിഷനും. സൂപ്പർ വേരിയന്റ് അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഹെക്ടർ ആനിവേഴ്സറി എഡിഷന്റെ പെട്രോൾ പതിപ്പിന് 13.63 ലക്ഷവും ഡീസൽ പതിപ്പിന് 14.99 ലക്ഷവും ആണ് എക്‌സ്-ഷോറൂം വില. എക്‌സ്റ്റീരിയറിലും ഹെക്ടർ ആനിവേഴ്സറി എഡിഷനും, സൂപ്പർ വേരിയന്റും തമ്മിൽ വ്യത്യാസമില്ല. അതെ സമയം ഒരു പിടി ഫീച്ചറുകളാണ് ഹെക്ടർ ആനിവേഴ്സറി എഡിഷൻ വരുന്നത്.
140 എച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ, 168 എച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ, 4-സിലിണ്ടർ ടർബോ-ഡീസൽ എൻജിൻ എന്നിങ്ങനെ രണ്ട് എഞ്ചിനുകളിൽ ഹെക്ടർ ആനിവേഴ്സറി എഡിഷൻ ലഭ്യമാണ്. വയർലെസ്സ് മൊബൈൽ ചാർജർ, എയർ പ്യൂരിഫൈർ, മെഡിക്ലിൻ സെർട്ടിഫൈഡ് ആന്റി-വൈറസ് ഇൻ-കാർ കിറ്റ്, 26.4 സിഎം ഡിസ്പ്ലേ സ്ക്രീൻ എന്നിവയാണ് ഹെക്ടർ ആനിവേഴ്സറി എഡിഷന്റെ ഹൈലൈറ്റുകൾ.
കൂടാതെ , 50-ൽ കൂടുതൽ കണക്ടഡ് കാർ ഫീച്ചറുകൾ, ബിൽറ്റ്-ഇൻ വോയിസ് അസിസ്റ്റന്റ്, 25-ലധികം സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകൾ ,ഡ്യുവൽ പാനരോമിക് സൺറൂഫ് എന്നിവയും ആനിവേഴ്സറി എഡിഷൻ ഹെക്ടർ പതിപ്പിലുണ്ട്. ഹെക്ടറിനു പിന്നാലെ ZS ഇവി, ഹെക്ടർ പ്ലസ് എന്നീ വാഹനങ്ങളും കമ്പനി വിപണയിലെത്തിച്ചിരുന്നു. ഇപ്പോള്‍ നാലാമനായ ഗ്ലോസ്റ്ററിന്‍റെ വിപണി പ്രവേശനത്തിന്‍റെ അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി.