പുതിയ അഞ്ചു സീറ്റര്‍ ഹെക്ടര്‍ എസ്യുവിയെ മുംബൈയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ എംജി അനാവരണം ചെയ്തു. അടുത്തമാസം എസ്യുവി വില്‍പ്പനയ്ക്കെത്തും. ജൂണ്‍ മുതല്‍ ഹെക്ടര്‍ ബുക്കിങ് രാജ്യമെങ്ങും ആരംഭിക്കുമെന്ന് എംജി അറിയിച്ചു. 15 മുതല്‍ 20 ലക്ഷം രൂപ വരെ ഹെക്ടറിന് വില പ്രതീക്ഷിക്കാം.
നാലു വകഭേദങ്ങളിലാണ് ഹെക്ടറിനെ എംജി അവതരിപ്പിക്കാനിരിക്കുന്നത്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് വകഭേദങ്ങള്‍ ഹെക്ടറില്‍ അണിനിരക്കും. ഇതില്‍ പ്രാരംഭ മോഡലാണ് സ്റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായി നിരയില്‍ തലയുയര്‍ത്തും.
4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്. വീല്‍ബേസ് 2,750 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്യുവിയുടെ ബൂട്ട്. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്.
ആറു സ്പീഡാണ് എസ്യുവിയിലെ മാനുവല്‍ ഗിയര്‍ബോക്സ് യൂണിറ്റ്. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമേയുള്ളൂ. 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് കഴിയും. എഫ്സിഎയില്‍ നിന്നും കമ്പനി കടമെടുത്ത എഞ്ചിന്‍ യൂണിറ്റാണിത്.