തോറ്റവരെ ജയിപ്പിക്കാന്‍ അദാലത്തുകള്‍; മന്ത്രി ജലീലിനെതിരെ ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച് കെ.ടി.ജലീല്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എം.ജി.സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍വകലാശാല അധികൃതര്‍ തള്ളിയപ്പോള്‍ വിഷയം സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ചു. ഔട്ട് ഓഫ് അജന്‍ഡയായാണ് വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന് ഒരുവിഷയത്തില്‍ തോറ്റഎല്ലാവര്‍ക്കും മോഡറേഷന് പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാനായിരുന്നു സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇടതുപക്ഷക്കാരായ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ഇതിന്റെ പിന്നില്‍. പക്ഷേ, ഒരിക്കലും ഇങ്ങനെ മാര്‍ക്ക് കൂട്ടിനല്‍കാന്‍ അധികാരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആറാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷയില്‍ ഒരുമാര്‍ക്കിന് തോറ്റ വിദ്യാര്‍ഥിക്കാണ് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി വിജയിപ്പിക്കാന്‍ തീരുമാനിച്ചത്. നാഷണല്‍ സര്‍വീസ് സ്‌കീം അനുസരിച്ച് മാര്‍ക്ക് കൂട്ടി നല്‍കണമെന്ന വിദ്യാര്‍ഥിയുടെ അപേക്ഷ നേരത്തെ സര്‍വകലാശാല തള്ളിയിരുന്നു. തുടര്‍ന്നാണ് ഇതേ ആവശ്യവുമായി വിദ്യാര്‍ഥി അദാലത്തില്‍ പങ്കെടുത്തത്.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തതും വിഷയത്തില്‍ ഇടപെട്ടതും ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സര്‍വകലാശാല ചട്ടമനുസരിച്ച് പരീക്ഷാഫലം വന്നതിനുശേഷം മാര്‍ക്ക് കൂട്ടിനല്‍കാന്‍ നിയമമില്ലെന്നും ഇവിടെ മന്ത്രിയും ഇടതുപക്ഷ സിന്‍ഡിക്കറ്റ് അംഗങ്ങളും ചേര്‍ന്ന് തോറ്റവരെ ജയിപ്പിക്കുന്ന ജാലവിദ്യ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെയും സിന്‍ഡിക്കേറ്റിന്റെയും നടപടി പരീക്ഷയുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ത്തു.ചട്ടങ്ങള്‍ മറികടന്നുള്ള വിചിത്രമായ നടപടി പഠിച്ചു ജയിക്കുന്നവരെ അപഹാസ്യരാക്കുന്നതിന് തുല്യമാണെന്നും സര്‍വകലാശാലയുടെ മൂല്യവും വിശ്വാസ്യതയും നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോറ്റവരെ ജയിപ്പിക്കാനാണോ ഇത്തരം അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ സംഭവം അതീവഗൗരവതരമാണെന്നും ഒരുഭാഗത്ത് പി.എസ്.സി.യെ തകര്‍ക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ സര്‍വകലാശാല പരീക്ഷകളെയും നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ പ്രതികരിച്ചു. സര്‍വകലാശാലയുടെ തീരുമാനങ്ങളില്‍ മന്ത്രിക്ക് ഒരിക്കലും ഇടപെടാനാകില്ലെന്നും മന്ത്രി നേരിട്ട് മാര്‍ക്ക് നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യായമായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ടത് ലഭ്യമാക്കും.അന്യായമായി ഒന്നും ചെയ്യില്ലെന്ന് ഉത്തമബോധ്യമുണ്ട്. എം.ജി.സര്‍വകലാശാലയുടെ തീരുമാനത്തെക്കുറിച്ച് സര്‍വകലാശാല അധികൃതരോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.

Top