തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിരവധി ചിത്രങ്ങളാണ് തമിഴ് സിനിമയില്‍ ഒരുങ്ങുന്നത്. എ.എല്‍ വിജയും ഗൗതം മേനോനുമാണ് ഈ ചിത്രങ്ങളുടെ പിറവിക്ക് തുടക്കം കുറിക്കുന്നത്.
എ.എല്‍ വിജയുടെ ചിത്രത്തില്‍ നടി കങ്കണ റണാവത്ത് ആണ് ജയലളിതയായി എത്തുമ്പോള്‍ എം.ജി.ആര്‍ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. അതേസമയം ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസില്‍ ജയലളിതയെ രമ്യാ കൃഷ്ണന്‍ അവതരിപ്പിക്കുമ്പോള്‍ ഇന്ദ്രജിത്ത് സുകുമാരന്‍ എം.ജി.ആറായെത്തുന്നു.
ഇന്ദ്രജിത്തും അരവിന്ദ് സ്വാമിയും എം.ജി.ആറിനെ അവതരിപ്പിക്കുന്നതിന്റെ ആവേശത്തലാണ് ആരാധകര്‍. അതിനോടൊപ്പം തന്നെ അവരില്‍ ആര്‍ക്കാണ് എം.ജി.ആര്‍ വേഷം കൂടുതല്‍ ചേരുന്നതെന്ന ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴുള്ളത്.
ആരായിരിക്കും മികച്ചതെന്ന തരത്തില്‍ ചര്‍ച്ചകള്‍ പൊടിപ്പൊടിക്കുമ്പോള്‍ രണ്ടുപേരും നല്ല അഭിനേതാക്കളായതിനാല്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. എം.ജി.ആറിന്റെ വേഷത്തിലുള്ള അരവിന്ദ് സ്വാമിയുടെ ടീസര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.