ലൈംഗിക അതിക്രമ ആരോപണം കള്ളമെന്ന് എംജി സര്‍വകലാശാല വിസി, നുണയെന്ന് ഗവേഷക

കോട്ടയം: ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം തള്ളി എംജി സര്‍വകലാശാല വൈസ് ചന്‍സലര്‍. ലൈംഗിക അതിക്രമം സംബന്ധിച്ച് വാക്കാല്‍ പോലും പരാതി ലഭിച്ചിട്ടില്ലെന്ന് വി.സി ഡോ.സാബു തോമസ് പറഞ്ഞു.

മാത്രമല്ല, സമരം നടത്തുന്ന വിദ്യാര്‍ത്ഥിനിക്ക് ഗവേഷണം തുടരാം. മേല്‍നോട്ടം വഹിക്കുകയും ചെയ്യാം. പരാതിക്കാരി ലാബിലെത്തി ഗവേഷണം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. വിദ്യാര്‍ത്ഥിനി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളാണ് എന്നും വി.സി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, പരാതി നല്‍കിയില്ലെന്ന വി.സിയുടെ വാദം വാസ്തവ വിരുദ്ധമാണെന്ന് പരാതിക്കാരി പറഞ്ഞു. 2014ല്‍ തന്നെ പരാതി പറഞ്ഞിരുന്നു. ഭീതികാരണം രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. ലൈംഗിക അതിക്രമത്തില്‍ രേഖാമൂലം പൊലീസിനും യൂണിവേഴ്സിറ്റിക്കും പരാതി നല്‍കുമെന്നും സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥി പറഞ്ഞു.

മറ്റൊരു ഗവേക വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമം വി.സിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഗവേഷണം തുടങ്ങിയ കാലഘട്ടത്ത് ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന ശ്രീനിവാസ റാവു എന്നയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് വൈസ് ചാന്‍സലര്‍ സ്വകരിച്ചതെന്നും ചാള്‍സ് സെബാസ്റ്റ്യന്‍ എന്ന മറ്റൊരു ജീവനക്കാരന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായതായും ഗവേഷക വിദ്യാര്‍ത്ഥി പറഞ്ഞു.

അന്ന്, നിലവിലെ വൈസ് ചാന്‍സിലര്‍ സാബു തോമസിനോട് പരാതിപ്പെട്ടെങ്കിലും ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വി.സി സ്വീകരിച്ചത്. ഗവേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്ന സാബു തോമസിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് ഗവേഷണം തുടരാന്‍ ആകില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

Top