mha lodges fir in ishrat missing

ന്യൂഡല്‍ഹി: പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ കേസിലെ ചില പ്രധാനപ്പെട്ട രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കാണാതായതായ സംഭവത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ആഭ്യന്തര മന്ത്രാലയവും ഡല്‍ഹി സന്‍സത് മാര്‍ഗ് പൊലീസും ചേര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കേസിന്റെ രേഖകള്‍ ‘അറിഞ്ഞോ അറിയാതെയോ നീക്കം ചെയ്യുകയോ നഷ്ടപ്പെടുകയോ’ ചെയ്തുവെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് എഫ്‌ഐആര്‍.

2009 ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് എഴുതിയ രണ്ട് കത്തുകളും അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളുമാണ് കാണാതായത്. 2009 സെപ്തംബര്‍ 18 മുതല്‍ 28 വരെയുള്ള കാലത്താണ് രേഖകള്‍ കാണാതായത്.

ഈ സത്യവാങ്മൂലമാണ് മുന്‍ ആഭ്യന്തര മന്ത്രി പി.ചിദംബരം തിരുത്തിയെന്ന് ആരോപണമുയര്‍ന്നത്.

ഇസ്രത് ജഹാന്‍ ലഷ്‌കറെ തൊയ്ബ പ്രവര്‍ത്തകയാണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് 2009 സെപ്തംബര്‍ 29ന് ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ആദ്യത്തെ സത്യവാങ്മൂലത്തില്‍ നിന്ന് വിഭിന്നമായിരുന്നു രണ്ടാമത്തേത്.

അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് 2009 സെപ്തംബര്‍ 18നും 23നും എഴുതിയ കത്തുകളുടെ ഓഫീസ് കോപ്പി, അറ്റോര്‍ണി ജനറലിന്റെ കരട് സത്യവാങ്മൂലം, ഇതില്‍ അന്നത്തെ ആഭ്യന്തരമന്ത്രി സപ്തംബര്‍ 24ന് വരുത്തിയ ഭേദഗതി, സെപ്തംബര്‍ 29ന് ഗുജറാത്ത് ഹൈക്കോടതിയില്‍ തുടര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവയാണ് കാണാതായിരുന്നത്.

അറ്റോര്‍ണി ജനറലിന് ആഭ്യന്തരസെക്രട്ടറി സെപ്തംബര്‍ 18ന് അയച്ച കത്തിന്റെ പകര്‍പ്പ് മാത്രമാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞത്.

ഇസ്രത്, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെയാണ് അഹമ്മദാബാദിന് സമീപം 2004 ജൂണ്‍ 15ന് ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നാണ് ആരോപണമുണ്ടായത്.

Top