വയനാട് സീറ്റ് ലക്ഷ്യമിട്ട് കോൺഗ്രസ്സിൽ നേതാക്കൾ തമ്മിൽ വടംവലി രൂക്ഷം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമായ വയനാട്ടിനു വേണ്ടി നേതാക്കള്‍ തമ്മിലടി തുടങ്ങി. കെ. മുരളീധരന്‍ എം.എല്‍.എയും മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനുമാണിപ്പോള്‍ വയനാട്ടിനായി പിടിമുറുക്കുന്നത്. എം.പിയായിരിക്കെ മരണപ്പെട്ട എം.ഐ ഷാനവാസിന്റെ മകള്‍ ഡോ. അമീന, പി.സി ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍, ആര്യാടന്‍ ഷൗക്കത്ത്, അഡ്വ.ടി സിദ്ദിഖ്, കെ.പി അബ്ദുല്‍മജീദ് തുടങ്ങി അര ഡസനിലേറെ നേതാക്കളാണ് വയനാട്ടില്‍ കണ്ണും
നട്ടിരിക്കുന്നത്.

കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിനായി നീക്കിവെച്ച സീറ്റാണ് വയനാട്. അഞ്ചു തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ശേഷം ചുരം കയറിയെത്തിയ അന്യനാട്ടുകാരനായ എം.ഐ ഷാനവാസിനെ 2009തില്‍ 1,53,439 വോട്ടിന്റെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച മണ്ഡലമാണ് വയനാട്. അന്ന് എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. മുരളീധരന്‍ 99,663 വോട്ടുമായി മികച്ച പ്രകടമാണ് കാഴ്ചവെച്ചത്.

2014 തെരഞ്ഞെടുപ്പില്‍ ഷാനവാസിന്റെ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുത്തനെ കുറഞ്ഞിരുന്നു. ഇടതുമുന്നണിയില്‍ സി.പി.ഐയുടെ മണ്ഡലമായ വയനാട്ടില്‍ സത്യന്‍ മൊകേരിയായിരുന്നു കഴിഞ്ഞ തവണ ഷാനവാസിന്റെ എതിരാളി. ഇത്തവണ സി.പി.ഐ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറി പി.പി സുനീറിന്റെയും സത്യന്‍മൊകേരിയുടെയും പേരുകളാണ് വയനാട്ടിനായി ഉയര്‍ന്നു കേള്‍ക്കുന്നത്.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം.
മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി മണ്ഡലങ്ങളും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളും ഉള്‍പ്പെടുന്ന വയനാട്ടില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ.

വട്ടിയൂര്‍ക്കാവ് എം.എല്‍.എയും കെ.പി.സി.സി പ്രചരണവിഭാഗം തലവനുമായ കെ. മുരളീധരന്‍ വയനാട്ടില്‍ നിന്നും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിനു പിന്തുണ തേടി ലീഗ് നേതൃത്വവുമായി അനൗപചാരിക ചര്‍ച്ചയും നടത്തിക്കഴിഞ്ഞു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും വയനാട്ടിനായി രംഗത്തെത്തിയിട്ടുണ്ട്.

പത്മജ വേണുഗോപാല്‍ ചാലക്കുടി മണ്ഡലത്തിന് അവകാശവാദമുന്നയിച്ചാല്‍ സുരക്ഷിത മണ്ഡലമായ വയനാടാണ് കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ ശക്തമായ സ്വാധീനമുള്ള പി.സി ചാക്കോയുടെ ലക്ഷ്യം.

kpcc

എം.ഐ ഷാനവാസിന്റെ മകള്‍ ഡോ.അമീന വയനാടിനു വേണ്ടി രംഗത്തെത്തിക്കഴിഞ്ഞു. കാന്തപുരം എ.പി സുന്നി വിഭാഗം, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മത സംഘടനകളുടെ പിന്തുണയും അവര്‍ തേടുന്നുണ്ട്. കോണ്‍ഗ്രസ് മുസ്ലീം സമുദായത്തിനായി നീക്കിവെച്ച വയനാട്ടില്‍ വനിത എന്ന പരിഗണനകൂടി ഉയര്‍ത്തിയാണ് ഷാനിമോള്‍ ഉസ്മാന്‍ അവകാശവാദം ഉന്നയിക്കുന്നത്.

സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അനുയായിയായ കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍മജീദ് എന്നിവരും രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിനായി കുപ്പായം തുന്നി കാത്തിരിക്കുന്ന നേതാക്കളെ അമ്പരപ്പിച്ച് ഒടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് പിന്തുണയില്‍ വി.ഐ.പി സ്ഥാനാര്‍ത്ഥി പറന്നിറങ്ങാനുള്ള സാധ്യതയും വയനാട്ടിലുണ്ട്.

അതേസമയം, സംസ്ഥാനത്ത് 20 ല്‍ 18 സീറ്റിലും യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ്. അഭിപ്രായ സര്‍വ്വേകള്‍ വലിയ ആത്മവിശ്വാസമാണ് അവര്‍ക്ക് നല്‍കുന്നത്. 10 പുതുമുഖങ്ങളെയെങ്കിലും മത്സരിപ്പിക്കണമെന്ന ആവശ്യത്തിനാണ് ഹൈക്കമാന്റില്‍ പ്രാമുഖ്യം.

റിബലുകളുടെ സാധ്യത മുന്‍ നിര്‍ത്തി തുടക്കം മുതല്‍ തന്നെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും ഹൈക്കമാന്റില്‍ നിന്നും കെ.പി.സി.സി നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷം ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി റിബലുകളെ സൃഷ്ടിക്കുമെന്നതാണ് നേതൃത്വത്തിന്റെ ഭയം.

പ്രചരണത്തിനായി സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗപ്പെടുത്താനും ഹൈക്കമാന്റ് സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

political reporter

Top