കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരവും മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളുമായ മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. ഇന്നലെ അശ്വിന്റെ വീട്ടില്‍വച്ച് ലളിതമായ രീതിയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷമാകും വിവാഹമെന്നാണ് വിവരം. പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി.
ഇതിന് മുമ്പ് തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു. പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.