മിയാമി കെട്ടിട ദുരന്തം ;150 പേർക്കായി തിരച്ചിൽ തുടരുന്നു

മിയാമി: അമേരിക്കയിലെ സർഫ്‌സൈഡിലെ 12 നില കെട്ടിടം നിലംപൊത്തിയ അപകടത്തിലെ രക്ഷാ പ്രവർത്തനം തുടരുന്നു. 150 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ജീവൻ അവശേഷിക്കുന്നവർ കെട്ടിടത്തിലെ വായു പുറത്തേക്ക് തളളുന്നതിനുളള എയർ പോക്കറ്റുകളിലേക്ക് നീങ്ങിയിരിക്കാമെന്ന നിഗമനത്തിലാണ് അഗ്നിശമന സേനാ വിഭാഗം.

പടുകൂറ്റൻ സ്ലാബുകൾ ഒന്നിന് മുകളിൽ ഒന്നായി വീണുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം വളരെ ശ്രദ്ധാപൂർവ്വമാണ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിൽ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും ജീവനോടെ ആരേയും എടുക്കാനായിട്ടില്ലെന്നത് ദുരന്തത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. കെട്ടിടങ്ങളുടെ വശങ്ങളിലായുള്ള വായു നിർഗമന മാർഗ്ഗങ്ങളുടെ പ്ലാനുകളുപയോഗിച്ചാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. ഒപ്പം ലിഫ്റ്റുകളുടെ ഭാഗവും പരിശോധിക്കുകയാണ്.

രക്ഷാ പ്രവർത്തനത്തിനായി ഇസ്രായേലിലേയും മെക്‌സിക്കോയിലേയും വിദഗ്ധസംഘം അമേരിക്കൻ ദുരന്തനിവാരണ സേനയ്‌ക്കൊപ്പമുണ്ട്. വലിയ സ്ലാബുകൾ യന്ത്രങ്ങളുപയോഗിച്ച് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. മനുഷ്യസാന്നിദ്ധ്യം തിരിച്ചറിയാൻ സാധിക്കുന്ന നായകളേയും മറ്റ് സ്‌കാൻ ഉപകരങ്ങളും എത്തിച്ചും പരിശോധന തുടരുകയാണ്.

ഈ മാസം 24-ാം തീയതി പുലർച്ചെ ഒന്നരമണിയോടെയാണ് 150 അപ്പാർട്ട്‌മെന്റുകളുള്ള കെട്ടിടസമുച്ചയത്തിലെ ഒരു വശം പൂർണ്ണമായും നിലംപൊത്തിയത്. 11 പേർ മരിച്ചതായി സ്ഥിരീകരിച്ച സംഭവത്തിലെ 150 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അപകടം നടന്നയുടനെ 30 പേരാണ് രക്ഷപെട്ടത്. ആകെ 50 അപ്പാർട്ട്‌മെന്റുകളാണ് തകർന്ന ഭാഗത്തുണ്ടായിരുന്നത്.

Top