തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ കക്ഷി ചേരാന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വി.എസ് കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്.
പരാതിക്കാരനായ തന്നെ കേസില്‍ കക്ഷിയാക്കാത്തത് ശരിയല്ലെന്നും അന്വേഷണം ആദ്യ ഘട്ടത്തിലായതിനാല്‍ കേസ് സ്റ്റേ ചെയ്യുന്നത് ഉചിതമല്ലെന്നും വി.എസ് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞു.
ഈഴവ സ്ത്രീകളെ പറ്റിച്ച് പണം തട്ടിയ വെള്ളാപ്പള്ളി കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ചെപ്പടിവിദ്യകള്‍ വിലപ്പോവില്ലെന്ന് വി.എസ് പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരായ കേസില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഞായറാഴ്ച വി.എസ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വി.എസ് കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത്. കേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.