മാവേലിക്കര: എസ്എന്‍ഡിപി മാവേലിക്കര യൂണിയനില്‍ അഴിച്ചുപണി നടത്തി വെള്ളാപ്പള്ളി നടേശന്‍. നിലവിലെ യൂണിയന്‍ പ്രസിഡന്റായ സുഭാഷ് വാസു ഉള്‍പടെയുള്ള ഭാരവാഹികളെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. പന്തളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളിയാണ് അഡ്മിനിസ്‌ട്രേറ്റര്‍.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ സുഭാഷ് വാസുവിനെ അടക്കം കഴിഞ്ഞ 23നാണ് സ്ഥാനങ്ങളില്‍ നിന്നും വെള്ളാപ്പള്ളി തെറിപ്പിച്ചത്. കേസില്‍ ക്രൈം ബ്രാഞ്ച് കൂടി അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു നടപടി.
തന്റെ വിശ്വസ്തരുടെ പട്ടികയില്‍ ഒന്നാമതാണ് സുഭാഷ് വാസു എന്ന് വെള്ളാപ്പള്ളി പലവട്ടം പറയാതെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേസ് ഉടലെടുത്തതോടെ ഇരുവര്‍ക്കും ഇടയില്‍ പൊട്ടലും ചീറ്റലും പതിവായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെ പരസ്യ പ്രതികരണത്തിന് സുഭാഷ് വാസു തയ്യാറായിരുന്നില്ല.എങ്കിലും അനൗദ്യോഗികമായി വെള്ളാപ്പള്ളി നടേശനെതിരെ ഇദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
അതേസമയം വെള്ളാപ്പള്ളി കണ്ടെത്തിയ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ യൂണിയന്‍ ഭരണത്തിനായി ഇന്ന് ചുമതലയേല്‍ക്കും.
മൈക്രോ ഫിനാന്‍സ് കേസില്‍ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയന്‍ സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ സുഭാഷ് വാസുവിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിയന്‍ പിരിച്ചുവിടുന്നതെന്നാണ് എസ്എന്‍ഡിപി വിശദീകരിച്ചത്.