തൊടുപുഴ: തോട്ടം തൊഴിലാളി സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയുണ്ടാക്കി കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് എസ്.എന്‍.ഡി.പി യോഗം അഞ്ചു കോടി രൂപ നേടിയ സംഭവത്തില്‍ നടപടി.
കോര്‍പറേഷന്റെ കൊല്ലം ശാഖയില്‍നിന്ന് ഈ തുക തട്ടിയെടുത്ത കേസില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് ഡോ. എം.എന്‍. സോമനുമെതിരെയാണ് കോര്‍പറേഷന്‍ നടപടി ആരംഭിച്ചത്. ഇവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടിക്ക് റവന്യൂ അധികൃതരോട് ശിപാര്‍ശ ചെയ്തതെന്ന് കോര്‍പറേഷന്‍ കൊല്ലം മാനേജര്‍ പറഞ്ഞു.
ഇടുക്കി ജില്ലയില്‍ മൈക്രോഫിനാന്‍സിന്റെ പേരില്‍ നടത്തിയ വെട്ടിപ്പ് സംബന്ധിച്ച് കോര്‍പറേഷന്‍ ജില്ലാ മാനേജര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിന്മേലാണ് നടപടി.
അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി ചെറുകിട സംരംഭങ്ങളുടെ പേരില്‍ പദ്ധതി തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷിച്ചെത്തി നടപടിയെടുത്തപ്പോഴാണ് പലരും തങ്ങളുടെ പേരില്‍ വായ്പയെടുത്ത വിവരം അറിയുന്നത്.
അച്ചാര്‍, ജാം, സോപ്പ് നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങിയ ചെറുകിട സംരംഭങ്ങളുടെ പേരില്‍ വ്യാജമായി പദ്ധതിയുണ്ടാക്കി 2014 ജൂണ്‍ 19നാണ് കോര്‍പറേഷന്‍ കൊല്ലം ശാഖയില്‍നിന്ന് എസ്.എന്‍.ഡി.പി അഞ്ചു കോടി വായ്പയെടുത്തത്.