തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസം കൂടി അനുവദിക്കണമെന്ന് വിജിലന്‍സ് സംഘം.
എന്നാല്‍ അന്വേഷണ സംഘത്തിന് രണ്ടു തവണ സമയം നീട്ടി നല്‍കിയതാണെന്നും വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ത്യശാസനം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇരുവാദങ്ങളും പരിഗണിച്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്നത് മെയ് 31ലേക്ക് മാറ്റി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. കേസില്‍ ഇതുവരെ 15 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും അമ്പതോളം രേഖകള്‍ പരിശോധിച്ചതായും സംഘം അറിയിച്ചു. കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നല്‍കിയ രണ്ടാം സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.
വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ.എം. എന്‍ സോമന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരേയാണ് മൈക്രോഫിനാന്‍സിന്റെ പേരില്‍ 15 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് അഭിഭാഷകനായ എസ്. ചന്ദ്രശേഖരന്‍ മുഖേന അച്യുതാനന്ദന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പറേഷനില്‍നിന്നു മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ വായ്പ നല്‍കാനായി എടുത്തതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.