ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിയമപരമായി പ്രതിരോധിക്കാനൊരുങ്ങി എസ്എന്‍ഡിപി.
കേസ് നിയമപരമായി തന്നെ നേരിടുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശനിയാഴ്ച ചേരുന്ന എസ്എന്‍ഡിപി ഇക്കാര്യം ചര്‍ച്ച ചെയ്യും. കേസിന്റെ സത്യാവസ്ഥ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി സര്‍ക്കാരിനോട് എതിര്‍പ്പില്ലെന്നും വിഎസിന്റെ നിലപാടുകളോടാണ് എതിര്‍പ്പെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സ്വന്തം ഖ്യാതിക്കും പേരിനും വേണ്ടിയാണ് വി എസ് തനിക്കെതിരെ കേസ് കൊടുത്തതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. താന്‍ സാമ്പത്തികമായി ഒരു വിധത്തിലുളള തിരിമറിയും തടത്തിട്ടില്ലെന്നും താന്‍ അതിനെ പറ്റി പലതവണ പറഞ്ഞിട്ടും മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായിട്ടില്ല. സത്യാവസ്ഥ വ്യക്തമാക്കിയാലും വിഎസിന് കാര്യങ്ങള്‍ ബോധ്യപ്പെടാത്ത സമയമാണിത്.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് തീരുമാനിച്ചിരുന്നു.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി വേണമെന്ന ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചു. നിയമോപദേശം ലഭിച്ചാല്‍ ഉടനെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.