തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പമുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വാകരിച്ചു. രാവിലെ 11 ഓടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വി.എസ് നേരിട്ടെത്തി ഹര്‍ജി നല്‍കിയത്. കോടതി ജനവരി ആറിന് കേസ് പരിഗണിക്കും.
മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 5015 കോടിയുടെ അഴിമതി വെള്ളാപ്പള്ളി നടത്തിയെന്ന് വി.എസ് ഹര്‍ജിയില്‍ ആരോപിച്ചു. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന തുകയ്ക്ക് അഞ്ചു ശതമാനം പലിശ മാത്രമെ വാങ്ങാവു എന്നിരിക്കെ വെള്ളാപ്പള്ളി 18 ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.
മാത്രമല്ല മൈക്രോഫിനാനസിന്റെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും കോടികള്‍ വായ്പ എടുത്തുവെന്നും ഏതാണ്ട് രണ്ടു ലക്ഷത്തോളം സ്ത്രീകളെയാണ് മൈക്രോഫിനാന്‍സിന്റെ പേരില്‍ പറ്റിച്ചതെന്നും വി.എസ് ആരോപിച്ചിട്ടുണ്ട്. ഈ തട്ടിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.