microfinance -sndp

അടൂര്‍: എസ്എന്‍ഡിപി അടൂര്‍ യൂണിയന്റെ മൈക്രോഫിനാന്‍സ് വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ നഷ്ടപ്പെട്ടതായി പരാതി. വടക്കടത്ത്കാവ് ശാഖാ സെക്രട്ടറിയും മൈക്രോഫിനാന്‍സ് സംരക്ഷണസമിതി കണ്‍വീനറുമായ കറുകയില്‍ രാജന്റെ വീട്ടില്‍ നിന്ന് രേഖകള്‍ മോഷണം പോയെന്നാണ് പൊലീസിന് ലഭിച്ച പരാതി. ക്രൈംബ്രാഞ്ചിന് കൈമാറേണ്ട നിര്‍ണായക വിവരങ്ങളാണ് നഷ്ടപ്പെട്ടത്.

മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നല്‍കിയതിന്റെ രേഖകളും രജിസ്റ്ററുമാണ് കവര്‍ന്നത്. കേസില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കേണ്ടതിന്റെ തലേദിവസമുണ്ടായ കവര്‍ച്ച ആസൂത്രിതമെന്നാണ് ഇരകള്‍ ആരോപിക്കുന്നത്.

ഒരാഴ്ചയായി രാജനും കുടുംബവും ബന്ധുവീട്ടിലായിരുന്നു താമസം. വീട്ടില്‍ ആരുമില്ലാത്തത് മനസിലാക്കി രേഖകള്‍ കവര്‍ന്നുവെന്നാണ് പൊലീസ് നിഗമനം. വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. രേഖകള്‍ മൂന്ന് കവറുകളിലാക്കി മേശപ്പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് മറ്റ് വിലപ്പെട്ട വസ്തുക്കളൊന്നും നഷ്ടപ്പെടാത്തതും സംഭവത്തിന് പിന്നിലെ ആസൂത്രണം ബലപ്പെടുത്തുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ളവരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

അടൂര്‍ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് 5 കോടിയുടെ തട്ടിപ്പാണ് നടന്നത്. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതിനായി ക്രൈംബ്രാഞ്ച് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക ഓഫിസും തുറന്നിട്ടുണ്ട്.

Top