തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേടുണ്ടായെന്ന് തുറന്നുസമ്മതിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ചില യൂണിയന്‍ നേതാക്കളാണ് ഗുരുതര വീഴ്ച്ച വരുത്തിത്. അഞ്ച് കോടി വരെ കൈവശപ്പെടുത്തിയവരുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വന്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിജിലന്‍സിന്റെ പരാമര്‍ശം.
എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് ആരോപണമുന്നയിച്ചത്. പദ്ധതിക്കായി പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും രണ്ട് ശതമാനം പലിശയ്‌ക്കെടുത്ത 15 കോടി രൂപ 12 ശതമാനം പലിശയ്ക്കാണ് വെള്ളാപ്പള്ളി ജനങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും ഈ തുകയില്‍ പത്തുശതമാനം മാത്രമെ വായ്പയായി നല്‍കിയിട്ടുള്ളുവെന്നുമാണ് വിഎസിന്റെ ആരോപണം. വ്യാജമായ പേരും മേല്‍വിലാസവും ഉണ്ടാക്കി പിന്നോക്കക്കാര്‍ക്ക് ലഭിക്കേണ്ട വായ്പ വെള്ളാപ്പള്ളി തട്ടിയെടുത്തിട്ടുണ്ടെന്നും വിഎസ് ആരോപിച്ചിരുന്നു.