ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോമാക്‌സ് ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വര്‍ധിച്ചുവരുന്ന മത്സരവും, സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലെ ഇടിവും കണക്കിലെടുത്താണ് പുതിയ പരീക്ഷണം. ഹൈടെക്, സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ മാഗസിനായ ‘ടെക്ക്രഞ്ച്’ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി ഗുരുഗ്രാമിലെ ഹെഡ് ഓഫീസില്‍ നിന്നും രാജ്യത്തുടനീളമുള്ള ബ്രാഞ്ച് ഓഫീസുകളില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസര്‍, ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ എന്നിവരുള്‍പ്പെടെ നിരവധി ഉന്നത എക്‌സിക്യൂട്ടീവുകളും അടുത്തിടെ കമ്പനിയില്‍ നിന്ന് രാജിവച്ച് പുറത്തുപോയി. ഇവയെല്ലാം ‘ഇവി’ നിര്‍മാണ മേഖലയിലേക്ക് കടക്കാനുള്ള ശ്രമങ്ങളുടെ ഫലമാണെന്നാണ് ‘ടെക്ക്രഞ്ച്’ അവകാശപ്പെടുന്നത്.
കമ്പനിയുടെ സ്ഥാപകരായ രാജേഷ് അഗര്‍വാള്‍, സുമീത് കുമാര്‍, വികാസ് ജെയിന്‍ എന്നിവര്‍ ‘മൈക്രോമാക്‌സ് മൊബിലിറ്റി’ എന്ന പേരില്‍ പുതിയ സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ പുതിയ സംരംഭം, തുടക്കത്തില്‍ ഇരുചക്ര വാഹന നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബിലിറ്റി മേഖലയിലേക്ക് കടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്ഥാപനം ഗുരുഗ്രാമിലെ ഒരു ഓഫീസ് നവീകരിക്കുകയാണെന്നും ‘ടെക്ക്രഞ്ച്’ അവകാശപ്പെടുന്നു.ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, മൈക്രോമാക്സ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.