ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി, ഓപ്പോ, റിയല്‍മി, വിവോ, വണ്‍പ്ലസ് തുടങ്ങിയവരുടെ വരവിന് മുന്‍പ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മിന്നും താരമായിരുന്ന മൈക്രോമാക്‌സ് നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ് വമ്പന്‍ തിരിച്ചു വരവ് നടത്തിയത്. ഇന്‍ (In) എന്ന പുത്തന്‍ സബ് ബ്രാന്‍ഡിലാണ് മൈക്രോമാക്സിന്റെ രണ്ടാം വരവ്. ഇന്‍ നോട്ട് 1, ഇന്‍ 1b എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. അപ്പോള്‍ തന്നെ ഇന്‍ ശ്രേണിയിലെ കൂടുതല്‍ ഫോണുകള്‍ പുറത്തിറക്കാന്‍ പദ്ധതിയുണ്ട് എന്ന് മൈക്രോമാക്സ് വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായി ഇന്‍ ശ്രേണിയിലെ മൂന്നാമന്‍ ഉടനെത്തും.
മൈക്രോമാക്‌സ് ഇന്‍ 1 ആണ് മൂന്നാമന്‍. ഈ മാസം 19-ന് ഇന്‍ 1-ന്റെ ലോഞ്ചും മൈക്രോമാക്സ് ഉറപ്പിച്ചിട്ടുണ്ട്. അതെ സമയം ഫോണുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ഒന്നും തന്നെ മൈക്രോമാക്സ് പുറത്ത് വിട്ടിട്ടില്ല. 6,999 രൂപ മുതല്‍ വിലയുള്ള ഇന്‍ 1bയ്ക്കും 10,999 രൂപ മുതല്‍ വിലയുള്ള ഇന്‍ നോട്ട് 1-നും ഇടയിലാവും പുതിയ ഇന്‍ 1-ന്റെ സ്ഥാനം എന്നാണ് കരുതുന്നത്. ആദ്യ രണ്ട് ഫോണുകള്‍ക്ക് സമാനമായി മീഡിയടെക് ചിപ്‌സെറ്റ് തന്നെയായിരിക്കും പുതിയ ഇന്‍ 1-ലും ഇടം പിടിക്കുക. കുറഞ്ഞ പക്ഷം ട്രിപ്പിള്‍ കാമറ, 5,000 mAh ബാറ്ററി, 6.5 ഇഞ്ചിനും 6.7-ഇഞ്ചിനും ഇടയില്‍ വലിപ്പമുള്ള ഡിസ്‌പ്ലേ, 4 ജിബി റാം എന്നിവ മൈക്രോമാക്സ് ഇന്‍ 1-ല്‍ പ്രതീക്ഷിക്കാം.മേല്‍പറഞ്ഞ 3 ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ കൂടാതെ 5ജി സ്മാര്‍ട്ട്‌ഫോണുമായി വിപണിയിലെ കൂടുതല്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് മൈക്രോമാക്‌സ്. കമ്പനിയുടെ ബെംഗളൂരുവിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 5ജി സ്മാര്‍ട്ട്‌ഫോണുമായി ബന്ധെപെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ് എന്ന് കമ്പനിയുടെ സഹസ്ഥാപനായ രാഹുല്‍ ശര്‍മ്മ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇതുകൂടാതെ 6 ജിബി റാമും, മികച്ച ഡിസ്‌പ്ലേ റിഫ്രഷ് റേറ്റും, ലിക്വിഡ് കൂളിങുമുള്ള ഒരു പുത്തന്‍ സ്മാര്‍ട്ട്‌ഫോണും മൈക്രോമാക്സ് തയ്യാറാക്കുന്നുണ്ട്. ഇത് ഇന്‍ നോട്ട് 1 ഫോണിന്റെ പരിഷ്‌ക്കരിച്ച പതിപ്പാവില്ല എന്നും പുത്തന്‍ ഫോണ്‍ ആയിക്കും എന്നും രാഹുല്‍ ശര്‍മ്മ പറയുന്നു. 5ജി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതോടൊപ്പം വിവിധ മൊബൈല്‍ അക്സെസ്സറികളും മൈക്രോമാക്സ് ബ്രാന്‍ഡിങ്ങില്‍ ഉടന്‍ വിപണിയിലെത്തും. ട്രൂ വയര്‍ലെസ്സ് സ്റ്റീരിയോ (TWS) ഇയര്‍ബഡ്ഡുകളാണ് ഈ ശ്രേണിയില്‍ ആദ്യം വില്പനക്കെത്തുക.