വിന്‍ഡോസ് ഫോണിനെ കുറിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല; പിഴവ് സമ്മതിക്കുന്ന മൂന്നാമത്തെ സിഇഒ

രുകാലത്ത് ആന്‍ഡ്രോയ്ഡ് – ഐ.ഒ.എസ് ഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് എല്ലാവരും കരുതിയ പകരക്കാരനായിരുന്നു ‘വിന്‍ഡോസ് ഫോണുകള്‍’. എന്നാല്‍, ഇന്ന് വിന്‍ഡോസ് ഒ.എസിലുള്ള ഫോണുകള്‍ വിരളമാണ്. മൈക്രോസോഫ്റ്റ് 2017-ല്‍ ഫോണ്‍ നിര്‍മിക്കുന്നത് നിര്‍ത്തുകയും 2020-ല്‍ സോഫ്റ്റ് വെയര്‍ പിന്തുണ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. മൈക്രോസോഫ്റ്റിന്റെ ആ തീരുമാനം പണ്ട് ലൂമിയ ഫോണുകള്‍ ഉപയോഗിച്ചവര്‍ക്ക് വേദനിക്കുന്ന ഓര്‍മയാണ്. വിന്‍ഡോസ് 10-ല്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട ലൂമിയ ഫോണുകള്‍ പലരും ഇപ്പോഴും കേടുകൂടാതെ സൂക്ഷിച്ചിട്ടുമുണ്ട്.

വിന്‍ഡോസ് ഫോണുകളെ സംബന്ധിച്ച കമ്പനി വരുത്തിയ പിഴവ് തുറന്നു സമ്മതിക്കുന്ന മൂന്നാമത്തെ മൈക്രോസോഫ്റ്റ് സിഇഒയാണ് സത്യ നാദെല്ല. വിന്‍ഡോസ് ഫോണ്‍ ഉപേക്ഷിക്കാനുള്ള കമ്പനിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍ഡോസ് ഫോണുകളെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഫോണ്‍ ബിസിനസ് തെറ്റായ തീരുമാനമായിരുന്നോ എന്നാണ് അദ്ദേത്തോട് ചോദിച്ചത്.

”സി.ഇ.ഒ ആയപ്പോള്‍ എനിക്ക് എടുക്കേണ്ടി വന്ന ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന് ആ സമയത്ത് ഏറെ ജനപ്രീതി നേടിയ ഫോണുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തുക എന്നതായിരുന്നു. പിറകോട്ടേക്ക് നോക്കുമ്പോള്‍, കമ്പ്യൂട്ടറുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഫോണുകള്‍ക്കും ഇടയിലുള്ള കമ്പ്യൂട്ടിങ് കാറ്റഗറി പുനര്‍നിര്‍മ്മിച്ചുകൊണ്ട് അത് വിജയകരമാക്കാനുള്ള വഴി കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞേനെ എന്ന് എനിക്ക് തോന്നുന്നു” – നിരാശ വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 7.6 ബില്യന്‍ ഡോളര്‍ മുടക്കി മൈക്രോസോഫ്റ്റ് നോകിയയുടെ ഫോണ്‍ ബിസിനസ് ഏറ്റെടുത്തത് എഴുതിത്തള്ളാനുള്ള തന്റെ തീരുമാനത്തെ കുറിച്ചാണ് നാദെല്ല പരാമര്‍ശിച്ചത്.

കുറച്ച് കാലം മുമ്പാണ് ഇതൊക്കെ സംഭവിച്ചതെങ്കിലും, വിന്‍ഡോസ് ഫോണുകളുടെ ഭാവിയെക്കുറിച്ച് സിഇഒയ്ക്ക് വലിയ അഭിലാഷങ്ങളുണ്ടായിരുന്നുവെന്നത് ഇതില്‍ നിന്നും വ്യക്തമാണ്. അദ്ദേഹം സൂചിപ്പിച്ചതുപ്രകാരം, ടാബ്ലെറ്റുകള്‍, ഫോണുകള്‍, പിസികള്‍ എന്നിവയുടെ കമ്പ്യൂട്ടിങ് ഇക്കോസിസ്റ്റം നവീകരിക്കാന്‍ മൈക്രോസോഫ്റ്റ് ആഗ്രഹിച്ചിരുന്നു. അന്ന് അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍, ഇന്നത്തെ ലൂമിയ സ്മാര്‍ട്ട്ഫോണുകള്‍ എത്രത്തോളം മികച്ച അനുഭവമായിരിക്കും വാഗ്ദാനം ചെയ്തിട്ടുണ്ടാവുക..? പ്രത്യേകിച്ച് വിന്‍ഡോസ് 11 -ന്റെ വരവോടെ ഒ.എസിന്റെ രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറ്റങ്ങള്‍ വന്നു.

2021-ല്‍, മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ് പറഞ്ഞത്, ”മൈക്രോസോഫ്റ്റിന് മൊബൈല്‍ ഒ.എസ് വേണ്ടത്ര നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല” എന്നായിരുന്നു. കമ്പനി നേരത്തെ തന്നെ ഫോണ്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നു എന്നാണ് സത്യ നാദെല്ലക്ക് മുമ്പ് സി.ഇ.ഒ ആയിരുന്ന സ്റ്റീവ് ബാല്‍മര്‍ പറഞ്ഞത്.

Top