വാനാക്രൈ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് മൈക്രോസോഫ്റ്റ്

വാഷിംഗ്ടന്‍: വാനാക്രൈ റാന്‍സംവേര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് മൈക്രോസോഫ്റ്റ്.

മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ഇക്കാര്യം സ്ഥിരീകരിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്നു ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ഉപയോഗിച്ച് ഉത്തരകൊറിയയിലെ സൈബര്‍ വിദഗ്ധര്‍ വാനാക്രൈക്കു രൂപം നല്‍കുകയായിരുന്നെന്ന് ബ്രാഡ് സ്മിത്ത് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വാനാക്രൈ ആക്രമണത്തിനു പിന്നാലെ തന്നെ ഉത്തരകൊറിയയ്ക്കുനേരെ സംശയമുനയുയര്‍ന്നിരുന്നു. ഗൂഗിളും ഈ രീതിയില്‍ സംശയമുന്നയിച്ചു. 2014ല്‍ സോണി പിക്ചേഴ്സിന്റെ വെബ്സൈറ്റില്‍ നുഴഞ്ഞുകയറി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പരിഹസിക്കുന്ന സിനിമ ചോര്‍ത്തിയതും ഉത്തരകൊറിയന്‍ ഹാക്കിംഗ് സംഘമാണെന്നു സൂചനയുണ്ട്.

150 രാജ്യങ്ങളിലായി മൂന്നു ലക്ഷത്തോളം കംപ്യൂട്ടറുകളില്‍ റാന്‍സംവേര്‍ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വിന്‍ഡോസ് ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലായിരുന്നു ഈ വൈറസ് ആക്രമണം. അതിനു വഴിതെളിച്ചതു വിന്‍ഡോസില്‍ ഉണ്ടായ എംഎസ് 17-010 എന്നൊരു തകരാറാണ്.

റാന്‍സംവേര്‍ ആക്രമണമുണ്ടായ കംപ്യൂട്ടറുകള്‍ റീസ്റ്റാര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയൂ. പ്രത്യേകതരം പ്രൈവറ്റ് കീ ഉപയോഗിച്ചാണ് ഒരു കംപ്യൂട്ടറിലെ ഫയലുകളും ഡേറ്റകളും വാനാക്രൈ ലോക്ക് ചെയ്യുന്നത്. എന്‍ക്രിപ്ഷനായി കംപ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന കീ അതിനുശേഷം അപ്രത്യക്ഷമാകും.

എന്നാല്‍ കീ അപ്രത്യക്ഷമായാലും അതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ കംപ്യൂട്ടറില്‍ ഉണ്ടാകും. ഇക്കാര്യം പ്രയോജനപ്പെടുത്തി പുതിയതായി വികസിപ്പിച്ച പ്രോഗ്രാമിന്റെ സഹായത്തോടെ കീ കണ്ടെത്തുകയും കംപ്യൂട്ടറുകളിലെ ഫയലുകളും ഡാറ്റയും വീണ്ടെടുക്കുകയുമാണ് ചെയ്യുന്നത്.

Top