വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഏറ്റവും വില കുറഞ്ഞ ഫോണ്‍ ഇന്ത്യയിലുമെത്തി. ലൂമിയ 550 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ചു ചെയ്തിരിക്കുന്നത്. 9,399 രൂപയാണ് ഇന്ത്യയില്‍ ഫോണിന്റെ വില.
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് എത്തുന്നതെങ്കിലും ഉയര്‍ന്ന ശ്രേണിയിലുള്ള ലൂമിയ 950, 950 എക്‌സ്എല്‍ ഫോണുകളിലെ വിന്‍ഡോസ് കണ്ടിന്യുവം (continuum) സാങ്കേതികവിദ്യ ലൂമിയ 550ല്‍ ലഭ്യമാകില്ല. ഫോണില്‍ മോണിറ്ററും മൗസും കീബോര്‍ഡുമൊക്കെ ഘടിപ്പിച്ച് ഡെസ്‌ക്‌ടോപ്പ് പോലെ ഉപയോഗിക്കാന്‍ അനുവദിക്കുന്ന വിന്‍ഡോസ് 10 സവിശേഷതയാണ് കണ്ടിന്യുവം.
എന്നാല്‍ പുത്തന്‍ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍, നവീകരിച്ച ഔട്ട്‌ലുക്ക് മെയില്‍, ഓഫീസ്, വണ്‍ഡ്രൈവ് തുടങ്ങിയവയെല്ലാം ലൂമിയ 550 നല്‍കുന്നുണ്ട്. ഫോണ്‍ പൂര്‍ണമായും അണ്‍ലോക്ക് ചെയ്യാതെ തന്നെ സ്‌ക്രീനില്‍ നോട്ടിഫിക്കേഷനും മറ്റും കാണാനാകുന്ന ഗ്ലാന്‍സ് സ്‌ക്രീന്‍ സവിശേഷതയും ഇതിലുണ്ട്.
315 പിപിഐ പിക്‌സല്‍ സാന്ദ്രതയുള്ള 4.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ലൂമിയ 550നുള്ളത്. ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റില്‍ 1.1 ഗിഗാഹെര്‍ട്‌സ് കരുത്തുള്ള പ്രൊസസറാണ് ഫോണിലുള്ളത്. 1 ജിബി റാമിലെത്തുന്ന ലൂമിയ ഫോണില്‍ 8 ജിബി ഇന്റേണല്‍ മെമ്മറിയും 200 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമറിയുമുണ്ട്. ഒറ്റ സിം ഉപയോഗിക്കാവുന്ന ഫോണ്‍ മൈക്രോ സിം ആവും പിന്തുണയ്ക്കുക.
എച്ച്ഡി വീഡിയോ റെക്കോഡിങിന് സാധിക്കുന്ന 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് മൈരേകാസോഫ്റ്റ് ലൂമിയ 550ന് നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഫ് ളാഷോടെ എത്തുന്ന റിയര്‍ ക്യാമറയ്ക്ക് പുറമേ 2 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും 550ല്‍ ഉണ്ട്.
ബ്ലൂടൂത്ത്, യുഎസ്ബി, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി സവിശേഷതകളെല്ലാം ഈ ഫോണില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ എല്‍ടിഇ ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 4ജി എല്‍ടിഇ കണക്ടിവിറ്റിയും ലൂമിയ ഫോണിലുണ്ട്. 150 എംബി പെര്‍ സെക്കന്‍ഡ് വരെ ഡൗണ്‍ലോഡ് വേഗവും 50 എംബി പെര്‍ സെക്കന്‍ഡ് വരെ അപ്‌ലോഡ് വേഗവും കമ്പനി അവകാശപ്പെടുന്നുണ്ട്.
2100 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി. 28 ദിവസം സ്റ്റാന്‍ഡ് ബൈ സമയവും 2ജിയില്‍ 16 മണിക്കൂര്‍ സംസാര സമയവും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.