മൈക്രോസോഫ്റ്റ് സ്വന്തം എഐ ചിപ്പുകൾ പുറത്തിറക്കുന്നു; ‘ഇഗ്നൈറ്റ്’

ഐ സാങ്കേതിക വിദ്യകൾക്ക് വേണ്ടി മൈക്രോസോഫ്റ്റ് രൂപകൽപന ചെയ്ത ആദ്യ ചിപ്പ് നവംബറിൽ പുറത്തിറക്കാൻ സാധ്യത. ‘ഇഗ്നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിൽ വെച്ചായിരിക്കും ചിപ്പ് അവതരിപ്പിക്കുക. അഥീന എന്ന കോഡ് നാമത്തിൽ മൈക്രോസോഫ്റ്റ് എഐ ചിപ്പ് നിർമിക്കുന്നുണ്ട് എന്ന് ദി ഇൻഫർമേഷൻ വെബ്‌സൈറ്റ് ഏപ്രിലിൽ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ 14 മുതൽ 17 വരെയാണ് മൈക്രോസോഫ്റ്റിന്റെ ഇഗ്നൈറ്റ് കോൺഫറൻസ് നടക്കുന്നത്.

എഐ സാങ്കേതിക വിദ്യകളുടെ പെട്ടെന്നുള്ള വികാസം എഐ പ്രവർത്തിക്കുന്നതിനാവശ്യമായ ചിപ്പുകളുടെ ക്ഷാമത്തിലേക്ക് നയിച്ചിട്ടുണ്ട്. നിലവിൽ മെച്ചപ്പെട്ട എഐ ചിപ്പുകൾ നിർമിക്കുന്ന ഏക കമ്പനി എൻവിഡിയ ആണെന്നതും ഈ പ്രതിസന്ധിക്ക് കാരണമാണ്. മിക്ക വൻകിട കമ്പനികളും എഐ ചിപ്പുകൾക്കായി ആശ്രയിക്കുന്നത് എൻവിഡിയയെ ആണ്. ഇത് ലഭ്യത കുറയുന്നതിനിടയാക്കുന്നു. നിലവിൽ എൻവിഡിയ നിർമിക്കുന്ന ചിപ്പുകളെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

നിലവിൽ മൈക്രോസോഫ്റ്റിന്റെ ഡാറ്റാ സെന്ററുകളിൽ ഉപയോഗിക്കുന്നത് എൻവിഡിയ ജിപിയുകളാണ്. ഓപ്പൺ എഐ ഉൾപ്പടെയുള്ള എഐ സ്ഥാപനങ്ങൾ ആശ്രയിക്കുന്നതും മൈക്രോസോഫ്റ്റിന്റെ തന്നെ വിവിധ എഐ പ്രൊഡക്റ്റിവിറ്റി ആപ്പുകൾ പ്രവർത്തിക്കുന്നതും ഈ ഡാറ്റാ സെന്ററുകളുടെ സഹായത്തോടെയാണ്. എൻവിഡിയയുടെ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റിന് സമാനമായ ചിപ്പാണ് മൈക്രോസോഫ്റ്റ് നിർമിച്ചിരിക്കുന്നത്. ഡാറ്റാ സെന്ററുകളിലെ സെർവറുകൾക്ക് വേണ്ടിയുള്ളതാണിത്.

മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനവും ചാറ്റ് ജിപിടിയുടെ നിർമാതാക്കളുമായ ഓപ്പൺ എഐയും സ്വന്തമായി എഐ ചിപ്പ് നിർമിക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. എൻവിഡിയ ചിപ്പുകളെ പൂർണമായും ആശ്രയിക്കേണ്ട സ്ഥിതി മറികടക്കാനാണിത്. അതിന് ഭീമമായ തുകയാണ് ചിലവ് വരുന്നത്. ഒരു ചിപ്പ് നിർമാണ കമ്പനിയെ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ ഓപ്പൺ എഐ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Top