പിരിച്ചുവിടലിനൊരുങ്ങി ടെക്ഭീമന്‍ മൈക്രോസോഫ്റ്റും

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടലിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ന് ( മുതലാണ് പിരിച്ചുവിടല്‍ ആരംഭിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന.

ആകെ ജീവനക്കാരില്‍ ഏകദേശം അഞ്ചുശതമാനം അഥവാ 11,000 പേരെ പിരിച്ചുവിട്ടേക്കും. ഹ്യൂമന്‍ റിസോഴ്‌സ്, എന്‍ജിനീയറിങ് വിഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുക. മോശം സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി.

ജൂണ്‍ മുപ്പതുവരെയുള്ള കണക്കുകള്‍ പ്രകാരം 2,21,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോ സോഫ്റ്റിനുള്ളത്. ഇതില്‍ 1,22,000 പേര്‍ യു.എസിലാണുള്ളത്, 99,000 പേര്‍ മറ്റു രാജ്യങ്ങളിലും.

നേരത്തെ, ആമസോണും മെറ്റയും ഉള്‍പ്പെടെ നിരവധി ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചിവിട്ടിരുന്നു. ഈ പട്ടികയിലേക്കാണ് മൈക്രോസോഫ്റ്റും കടക്കുന്നത്. മൈക്രോ സോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ് ഫോമിന് പല ക്വാര്‍ട്ടറിലും വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയത് കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ കമ്പനി കുറച്ചു ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വിവിധ വിഭാഗങ്ങളില്‍നിന്നായി ആയിരത്തില്‍ താഴെ ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് സൂചന.

Top