ഗൂഗിൾ സേവനം അവസാനിപ്പിച്ചാൽ ബദൽ മാർഗം സ്വീകരിക്കാനൊരുങ്ങി ഓസ്ട്രേലിയ

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ തങ്ങളുടെ സെര്‍ച്ചിംഗ് സംവിധാനം നിര്‍ത്തുമെന്ന ഗൂഗിളിന്റെ ഭീഷണിക്ക് മറുപടിയുമായി ഓസ്ട്രേലിയന്‍ സര്‍ക്കാർ. ഗൂഗിള്‍ സെര്‍ച്ചിംഗ് സേവനം നിര്‍ത്തിയാല്‍ പകരം മൈക്രോസോഫ്റ്റിന്റെ ബിങ് മതിയെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല മോറിസണുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

മോറിസണുമായി പുതിയ നിയമങ്ങളെക്കുറിച്ചു സംസാരിച്ചുവെന്നും ബിങിന് ഗൂഗിളുണ്ടാക്കുന്ന ഒഴിവ് നികത്താനാകുമെന്നും മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും അറിയിച്ചു. എന്നാല്‍ മൈക്രോസോഫ്റ്റ്, പുതിയ ഒസീസ് നിയമം അനുസരിച്ച് മാധ്യമങ്ങള്‍ക്ക് എങ്ങനെ പണം നല്‍കുമെന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.

ഒരോ ജനാധിപത്യ രാജ്യത്തും ഊര്‍ജ്ജസ്വലമായ പത്രപ്രവര്‍ത്തനം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് മൈക്രോസോഫ്റ്റ് കരുതുന്നതായി മൈക്രോസോഫ്റ്റ് വക്താവും അറിയിച്ചു. ഓസ്ട്രേലിയയിലെ വെബ് സെര്‍ച്ചിന്‍റെ 94 ശതമാനവും നടക്കുന്നത് ഗൂഗിളിലൂടെയാണ്. തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വാര്‍ത്ത ലിങ്കുകള്‍ക്ക്, അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് പണം നല്‍കണം എന്ന നിയമമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാറിനെയും ഗൂഗിളിനെയും തമ്മിൽ പിണക്കിയത്. ഓസ്ട്രേലിയന്‍ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെങ്കിൽ ഓസ്ട്രേലിയയില്‍ തങ്ങളുടെ സെര്‍ച്ചിംഗ് സംവിധാനം നിര്‍ത്തുമെന്ന് ഗൂഗിളും അറിയിച്ചിരുന്നു.

Top