Mid-air mishap averted after SpiceJet aircraft comes close to Emirates plane

ന്യൂഡല്‍ഹി: ആകാശത്തില്‍ രണ്ടു വിമാനങ്ങള്‍ നേര്‍ക്കുനേര്‍. അവസാന നിമിഷം വന്‍ ദുരന്തം ഒഴിവായ സംഭവത്തെക്കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. ഈ മാസം 11നാണു സംഭവം നടന്നത്.

ചെന്നൈ-ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനവും (എസ്ജി 511) ബ്രിസ്‌ബെയ്‌നില്‍ നിന്നു ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനവും (ഇകെ 433) ആണു നേര്‍ക്കുനേര്‍ വന്നത്.

സ്‌പൈസ് ജെറ്റ് വിമാനം 34,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്നപ്പോള്‍ 35,000 അടി ഉയരത്തിലേക്കു കയറാന്‍ നിര്‍ദേശം ലഭിച്ചു. എന്നാല്‍, വിമാനം നിര്‍ദിഷ്ട ഉയരത്തിനും 1000 അടികൂടി ഉയരത്തിലേക്കു കയറി.

ഈ ഉയരത്തിലാണു എമിറേറ്റ്‌സ് വിമാനം പറന്നുകൊണ്ടിരുന്നത്. ഇത് കൂട്ടിയിടിക്കു കാരണമാകാമായിരുന്നു. എന്നാല്‍ ഇരു വിമാനങ്ങള്‍ക്കും ട്രാഫിക് കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റത്തില്‍ (ടിസിഎഎസ്) നിന്നു മുന്നറിയിപ്പു ലഭിച്ചു.

തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനം തങ്ങളുടെ യാത്രാപഥത്തില്‍ നിന്ന് വീണ്ടും ഉയരത്തിലേക്കു കയറുകയും ഇരു വിമാനങ്ങളും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്.

ഈ മാസം തന്നെ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ ധാക്കയുടെ വ്യോമപരിധിക്കുള്ളില്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും അവസാന നിമിഷം ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു.

Top