അര്‍ദ്ധരാത്രി സമരം; വീട്ടുതടങ്കല്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഓഫീസില്‍ കിടന്നുറങ്ങി വൈ എസ് ശര്‍മിള

വിജയവാഡ: അര്‍ദ്ധരാത്രി സമരവുമായി കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിള. വീട്ടുതടങ്കല്‍ ഒഴിവാക്കാന്‍ ശര്‍മിള കോണ്‍ഗ്രസ് ഓഫീസില്‍ കിടന്നുറങ്ങി. വിജയവാഡയില്‍ ചലോ സെക്രട്ടേറിയറ്റ് എന്ന പേരില്‍ പ്രതിഷേധ സമരം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയോ വീട്ടുതടങ്കലില്‍ ആക്കുകയോ ചെയ്‌തെന്ന് ശര്‍മിള വിമര്‍ശിച്ചു.

ആന്ധ്രയിലെ തൊഴിലില്ലായ്മയും വിദ്യാര്‍ത്ഥികളും യുവാക്കളും നേരിടുന്ന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച്. ആന്ധ്ര മുഖ്യമന്ത്രിയായ സഹോദരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ശര്‍മിള തുറന്ന വിമര്‍ശനം നടത്തി. സംസ്ഥാനത്തെ തൊഴിലില്ലായ്മയെക്കുറിച്ച് മിണ്ടാന്‍ പാടില്ലേയെന്ന് ശര്‍മിള ചോദിച്ചു. അഞ്ച് വര്‍ഷമായിട്ടും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ജഗന്‍മോഹന്‍ റെഡ്ഡി പരാജയപ്പെട്ടെന്ന് ശര്‍മിള പറഞ്ഞു,

‘തൊഴിലില്ലാത്തവര്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്താല്‍ ഞങ്ങളെ വീട്ടുതടങ്കലിലാക്കുമോ ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ വീട്ടുതടങ്കല്‍ ഒഴിവാക്കാന്‍ സ്ത്രീയായ എനിക്ക് പാര്‍ട്ടി ഓഫീസില്‍ രാത്രി ചെലവഴിക്കേണ്ടിവരുന്നത് ലജ്ജാകരമല്ലേ ആയിരക്കണക്കിന് പോലീസുകാരെ ഞങ്ങള്‍ക്ക് ചുറ്റും നിര്‍ത്തി. ഇരുമ്പ് വേലി കെട്ടി ഞങ്ങളെ ബന്ദികളാക്കി. ഞങ്ങള്‍ തൊഴില്‍ രഹിതരുടെ പക്ഷത്ത് നില്‍ക്കുമ്പോള്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നു. ഞങ്ങളെ തടയാന്‍ ശ്രമിക്കുന്ന ഏകാധിപതികളാണ് നിങ്ങള്‍. വൈസിപി സര്‍ക്കാര്‍ തൊഴില്‍രഹിതരോട് മാപ്പ് പറയണം’- ശര്‍മിള പറഞ്ഞു.

ജഗന്റെ ധാര്‍ഷ്ട്യത്തിനെതിരെയും ജനാധിപത്യത്തിന് വേണ്ടിയും നിലകൊള്ളുന്നുവെന്ന് മണിക്കം ടാഗോര്‍ എംപി പ്രതികരിച്ചു. ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള പൊലീസ് നീക്കത്തെ അപലപിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് എംപി വ്യക്തമാക്കി.

Top