പൈലറ്റ് പിഴവാകില്ല,താഴ്ന്ന് പറന്നപ്പോ മരത്തിൽ ഇടിച്ചതാകാമെന്ന് റിട്ട. ബ്രിഗേഡിയർ എം.വി.നായർ

കൊച്ചി: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ, സാങ്കേതിക കാരണങ്ങളാലാണോ അപകടത്തിൽപ്പെട്ടതെന്ന് അറിയാൻ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കേണ്ടി വരുമെന്നു റിട്ട. ബ്രിഗേഡിയർ എം.വി.നായർ.

‘കൂനൂരിൽനിന്നു 30–40 മിനിറ്റ് യാത്ര ചെയ്താൽ കോപ്ടറിനു വെല്ലിങ്ടണിൽ എത്താമായിരുന്നു. കൂനൂരിനടുത്ത് സമീപ നാളുകളിൽ കനത്ത മഴ പെയ്തിരുന്നു എന്നാണു മനസ്സിലാക്കാനാകുന്നത്. താഴ്ന്നു പറക്കുന്നതിനിടെ മരത്തിൽ ഇടിക്കാനുള്ള സാധ്യതയും പരിശോധിക്കണം. 20 പേരെ വരെ അനായാസം വഹിക്കാവുന്ന വലിയ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.

അതീവ സമർഥരായ പൈലറ്റുകളാണു സാധാരണ വിഐപികളുമായുള്ള കോപ്ടറുകൾ പറത്തുന്നത്. അതുകൊണ്ടുതന്നെ, പൈലറ്റിന്റെ ഭാഗത്തുനിന്ന് അപകടം സംഭവിക്കാനുള്ള സാധ്യത കുറവാണ്. അട്ടിമറി ഉണ്ടായിരിക്കാനുള്ള സാധ്യത കുറവാണെങ്കിലും അതും തള്ളിക്കളയായാകില്ല. ഇക്കാര്യത്തിലും അന്വേഷണം ഉണ്ടാകും’– അദ്ദേഹത്തിന്റെ വാക്കുകൾ.‌

Top