ചെന്നൈ: മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ദിവസങ്ങളായി കാലാവസ്ഥ പ്രതികൂലമായതോടെ കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കും ക്ഷാമമായി. ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം കിട്ടാനില്ല. വൈദ്യുത വിതരണം ഇന്നത്തോടെ പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
മഴ കുറഞ്ഞ സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനം വീണ്ടും തുടരും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ പൊതു അവധിയാണ്. അതേസമയം ആന്ധ്ര തീരം തൊട്ട മിഗ്ജൗം ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു. സംസ്ഥാനത്തിന്റെ ദക്ഷിണ ജില്ലകളില്‍ ചുഴലി നാശനഷ്ടങ്ങള്‍ വിതച്ചെങ്കിലും കൂടുതല്‍ വടക്കോട്ട് നീങ്ങി മിഗ്ജൗം ദുര്‍ബലമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. മുന്‍കരുതലായി ദക്ഷിണ ആന്ധ്രയില്‍ വ്യാപക ഒഴിപ്പിക്കല്‍ നടത്തിയിരുന്നു.
എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 50 ഓളം വിമാനങ്ങളും നൂറു ട്രെയിനുകളും റദ്ദാക്കി. ദുരന്തബാധിത ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനനങ്ങള്‍ക്കായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ ഇന്നും സ്‌കൂളുകള്‍ക്ക് അവധിയാണ്.