പെരുമ്പാവൂര്‍: ഇന്നലെ പായിപ്പാട് ലോക് ഡൗണ്‍ വിലക്ക് ലംഘിച്ച് അതിഥി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ പെരുമ്പാവൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പെരുമ്പാവൂര്‍ ബംഗാള്‍ കോളനിയിലാണ് തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുന്നത്.
കമ്യൂണിറ്റി കിച്ചന്‍ വഴി വിതരണം ചെയ്ത ഭക്ഷണം തികഞ്ഞില്ല, ഭക്ഷണം അവരുടെ രീതിയിലല്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലന്നാണ് തൊഴിലാളികളുടെ പ്രധാന പരാതി. ചോറും പരിപ്പ് കറിയുമാണ് ഉച്ചയ്ക്ക് അധികൃതര്‍ എത്തിച്ചത്. എന്നാല്‍ ചോറ് വേണ്ട ചപ്പാത്തി മതിയെന്നും പരിപ്പ് കറിക്ക് ഗുണനിലവാരമില്ലെന്നുമാണ് തൊഴിലാളികളുടെ പരാതി. പോലീസും മറ്റ് അധികൃതരും തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
കേരളീയ ഭക്ഷണം അവര്‍ക്ക് വേണ്ട എന്നറിയിച്ചതിനാല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ ആട്ടയും ചപ്പാത്തി മെഷീനും അവര്‍ക്ക് എത്തിച്ചിരുന്നുവെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു. മൂവായിരത്തിലധികം തൊഴിലാളികളാണ് ഇവിടെയുള്ളത്. കേരളത്തില്‍ ഏറ്റവുമധികം അതിഥി തൊഴിലാളികള്‍ താമസിക്കുന്നത് പെരുമ്പാവൂരിലാണ്.
നാട്ടിലേക്കുപോകാന്‍ ബസ് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പായിപ്പാട്ട് അതിഥിത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പായിപ്പാടെ പ്രതിഷേധം ആസൂത്രിതമാണെന്നാണ് പൊലീസും അധികൃതരും പറയുന്നത്. സംഭവത്തില്‍ ഇന്ന് പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.