കോവിഡ്-19 ; സംഭാവന നല്‍കിയ അതിഥി തൊഴിലാളിയെ അഭിനന്ദിച്ച് ശശി തരൂര്‍

കാസര്‍കോട്: കോവിഡ്-19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ രാജസ്ഥാന്‍ സ്വദേശിയെ അനുമോദിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍ .

കേരളം അതിഥി തൊഴിലാളികളെ പരിപാലിക്കുന്നു, അവര്‍ അതിന് ഹൃദയം കൊണ്ട് നന്ദി അറിയിക്കുന്നു എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.

അതിഥി തൊഴിലാളിയായ വിനോദ് ജംഗിതാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നല്‍കിയത്.

കാസര്‍ഗോഡ് നീലേശ്വരം കൂട്ടപ്പുനയില്‍ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ വിനോദ് സംഭാവന നല്‍കാന്‍ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടര്‍ എം.എ. മാത്യുവിനെ ഏല്‍പ്പിച്ചു. സബ് ഇന്‍സ്‌പെക്ടറായ സി.ആര്‍. ബിജു ആണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്.

ബാങ്ക് സമയം കഴിഞ്ഞതിനാല്‍ ഈ തുക വാങ്ങിയ ശേഷം സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ അയ്യായിരം രൂപ സിഎംഡിആര്‍എഫിലേക്ക് ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്തു.

തുച്ഛമായ കൂലിക്ക് ജോലി ചെയ്ത് മിച്ചം പിടിച്ച തുകയാണ് വിനോദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ബിജു പറഞ്ഞു.

Top