പത്തനംതിട്ട: കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് പുറപ്പെടേണ്ട ശ്രമിക് ട്രെയിന്‍ റദ്ദാക്കിയതില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. കോഴഞ്ചേരി പുല്ലാട്, അടൂര്‍ ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളില്‍ തടിച്ച് കൂടിയ
പ്രതിഷേധക്കാരെ പോലീസ് ലാത്തി വീശി ഓടിച്ചുവിട്ടു.
പത്തനംതിട്ടയിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിഹാറിലേക്ക് 1500 പേരെ കൊണ്ടു പോകുന്നതിനായിരുന്നു ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്. ജില്ലയില്‍നിന്ന് പോകുന്നവര്‍ക്കുള്ള ഭക്ഷണമടക്കം ജില്ലാ ഭരണകൂടം തയ്യാറാക്കുകയും ചെയ്തിരുന്നു. ജില്ലയിലെ വിവിധ ഇടങ്ങളില്‍നിന്ന് തൊഴിലാളികളെ എത്തിക്കുന്നതിനുള്ള വാഹന സൗകര്യം വരെ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഈ ട്രെയിന്‍ അവസാനനിമിഷം റദ്ദാക്കുകയായിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. കോഴഞ്ചേരിയിലെ പുല്ലാട്, അടൂര്‍ ഏനാത്ത്, പത്തനംതിട്ടയിലെ ആനപ്പാറ എന്നിവിടങ്ങളിലാണ് തൊഴിലാളികള്‍ സംഘടിച്ച പ്രതിഷേധിച്ചത്.
ഇനി സര്‍ക്കാര്‍ വാഹനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തങ്ങള്‍ കാല്‍നടയായി നാട്ടിലേക്ക് പോകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ആനപ്പാറയില്‍ ഇവര്‍ താമസിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം ഒഴിഞ്ഞതിനെ തുടര്‍ന്ന് അടച്ചിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ എങ്ങോട്ട് പോകുമെന്നാണ് ഇവരുടെ ചോദ്യം.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ടയിലെ കണ്ണങ്കരയില്‍ നൂറോളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. അന്ന പൊലീസ് ഇടപെട്ട ഇവരെ താമസ സഥലങ്ങളിലേക്ക് തിരിച്ചയക്കുകയായിരുന്നു.