ന്യൂഡല്‍ഹി: ഈ മാസം ഏഴ് മുതല്‍ പ്രവാസികളെ മടക്കി എത്തിക്കുമെന്ന് കേന്ദ്രത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് തയ്യാറായി നില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ മടക്ക യാത്രാ ചെലവ് സ്വയം വഹിക്കണമെന്നാണ് നിബന്ധന. മടങ്ങി എത്തിയാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. മടങ്ങാന്‍ അര്‍ഹരായവരുടെ പട്ടിക എംബസികളാണ് തയ്യാറാക്കുക.
എത്ര പേരെ മടക്കി അയക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ എംബസികളാവും തീരുമാനിക്കുക. വിമാനമാര്‍ഗമോ കപ്പല്‍ മാര്‍ഗമോ ആവും പ്രവാസികളെ തിരികെ എത്തിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരെ വിമാനങ്ങളില്‍ തന്നെ എത്തിക്കും. മറ്റിടങ്ങളില്‍ നിന്ന് ആദ്യമായി മാലിയില്‍ നിന്നുള്ളവര്‍ കപ്പലില്‍ കൊച്ചിയിലെത്തും. ഗള്‍ഫില്‍ നിന്ന് പ്രതിദിന സര്‍വീസുകള്‍ ഉണ്ടാവുമെന്നാണ് വിവരം. 14 ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ കൊവിഡ് പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസികളെ ഉടന്‍ തിരികെ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നോര്‍ക്ക വഴി മാത്രം നാലു ലക്ഷത്തോളം പ്രവാസികളാണ് തിരിച്ചുവരാനായി ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് എംബസി മുഖേന രജിസ്റ്റര്‍ ചെയ്ത ആളുകളെയാണ് ആദ്യം തിരികെ കൊണ്ടുവരിക.