ഇറ്റലി: മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ ഇരുന്നൂറോളം അഭയാര്‍ഥികളെ ഫ്രഞ്ച് ദൗത്യസേന രക്ഷപ്പെടുത്തി ഇറ്റാലിയന്‍ തീരത്തെത്തിച്ചു. കഴിഞ്ഞദിവസം രക്ഷപ്പെട്ടെത്തിയ 108 അഭയാര്‍ഥികള്‍ക്ക് പുറമെയാണ് പുതിയ സംഘം യൂറോപ്പിലെത്തിച്ചേര്‍ന്നത്. എന്നാല്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് ഇതുവരെ സ്ഥിരീകരിച്ചില്ല.
64 കുട്ടികളടങ്ങുന്ന അഭയാര്‍ഥി സംഘത്തെയാണ് ഫ്രഞ്ച് ദൌത്യസേന രക്ഷപ്പെടുത്തി ഇറ്റലിയിലെ പൊസല്ലോ തുറമുഖത്തെത്തിച്ചത്. എത്യോപ്യ,സുഡാന്‍, സൊമാലിയ,കാമറൂണ്, ഈജിപ്ത്, യെമന്‍,എറിത്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ആരോഗ്യപരിശോധനയും തിരിച്ചറിയല്‍ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം ഇവരെ അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് മാറ്റി. മനുഷ്യക്കടത്തായിരുന്നോ ഇതെന്ന് അധികൃതര്‍ പരിശോധിച്ച് വരികയാണ്.
കഴിഞ്ഞദിവസം ഇറ്റാലിയന്‍ മനുഷ്യാവകാശസംഘടനയുടെ നേതൃത്വത്തില്‍ 108പേരെ മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
ഏകദേശം 400ലേറെ പേര്‍ ബോട്ട്മറിഞ്ഞ് കൊല്ലപ്പെട്ടുവെന്ന് അഭയാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ബോട്ട് തകര്‍ന്ന് അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് കോസ്റ്റ്ഗാര്‍ഡ് സ്ഥിരീകരിച്ചില്ല. ആറ് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തതെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.