വാഷിംങ്ടണ്‍: അമേരിക്കയിലെത്തുന്ന കുടിയേറ്റകാര്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വിദ്യാഭ്യാസത്തിനും തൊഴിലിനും കൂടുതല്‍ പരിഗണന നല്‍കി അമേരിക്കയുടെ പുതിയ കുടിയേറ്റ നിയമം പ്രഖാപിച്ചതിനു തൊട്ടു പിന്നാലെയാണ് കുടിയേറ്റ നിയമപരിഷ്‌കാരത്തെ കുറിച്ച് ട്രംപ് സൂചന നല്‍കിയത്.
പ്രതിവാര റേഡിയോ, വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കയിലെത്തി ആദ്യത്തെ അഞ്ചു വര്‍ഷം നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കണമെന്നില്ല. ഇന്നലെയോ കുറച്ച കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു പോലെ അമേരിക്കയിലേക്ക് ഇനി വെറുതെ വന്നു പോകാനാവില്ല.
രാജ്യത്തിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാര്‍ക്കുള്ളതാണ്. അവര്‍ക്കാണ് മുന്‍ഗണന. അങ്ങനെയെങ്കില്‍ ക്ഷേമവും ഐശ്വര്യവും രാജ്യത്തിനു തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായ കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ കുടിയേറ്റ നിയമനിര്‍മാണത്തിന് ട്രംപ് അനുമതി നല്‍കിയത്.
തൊഴില്‍നൈപുണ്യമുള്ളവരെ പിന്തുണക്കുന്ന പുതിയ നിയമനിര്‍മാണം ഫലത്തില്‍ ഇന്ത്യക്കാര്‍ക്കു നേട്ടമാകുമെന്നാണു വിലയിരുത്തല്‍.