മഹാരാഷ്ട്ര സഖ്യസര്‍ക്കാരിലെ മന്ത്രിയായ അബ്ദുള്‍ സത്താര്‍ രാജിവെച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ശിവസേന. പാര്‍ട്ടി മേധാവിയും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെ സത്താര്‍ സന്ദര്‍ശിക്കുമെന്നാണ് സേനയുടെ വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും മറുകണ്ടം ചാടി ശിവസേനയില്‍ ചേര്‍ന്ന് ഔറംഗാബാദ് ജില്ലയിലെ സില്ലോദില്‍ നിന്നും വിജയിച്ച എംഎല്‍എയാണ് സത്താര്‍.
ക്യാബിനറ്റ് പദവി നല്‍കാതെ സഹമന്ത്രി പദം നല്‍കിയതില്‍ സത്താറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഔറംഗാബാദ് ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേന കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിലും എംഎല്‍എ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മന്ത്രിസ്ഥാനം രാജിവെച്ചതായി വാര്‍ത്തകള്‍ പരന്നത്.
സത്താന്‍ രാജിയെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. അദ്ദേഹത്തെ സന്ദര്‍ശിച്ച സേനാ നേതാവ് അര്‍ജ്ജുന്‍ ഖോട്കര്‍ വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങളാണെന്ന് വ്യക്തമാക്കി. രാജിവാര്‍ത്തകള്‍ അഭ്യൂങ്ങള്‍ മാത്രമാണ്. അദ്ദേഹം ഉദ്ധവ് ജിയെ നാളെ മാതോശ്രീയില്‍ എത്തി കാണും, ഖോട്കര്‍ കൂട്ടിച്ചേര്‍ത്തു. സത്താര്‍ മുതിര്‍ന്ന സേനാ നേതാവും, മന്ത്രിയുമായ എക്‌നാഥ് ഷിന്‍ഡെയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.
രാജിപ്രഖ്യാപനങ്ങള്‍ മഹാനാടകം അരങ്ങേറുന്ന മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും, ത്രികക്ഷി സര്‍ക്കാരിനും വെല്ലുവിളിയാണ്. സഹമന്ത്രി പദത്തില്‍ തന്നെ പ്രധാന വകുപ്പ് കൈക്കലാക്കാനുള്ള സമ്മര്‍ദതന്ത്രമാണ് സത്താര്‍ പയറ്റുന്നതെന്ന് സേനാ നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.