എണ്ണ സംസ്‌കരണ ശാലകള്‍ക്കു നേരെയുണ്ടായ ആക്രമണം; യുദ്ധസമാനമാണെന്ന് അമേരിക്ക

വാഷിങ്ടന്‍/റിയാദ്: അരാംകോയുടെ രണ്ട് എണ്ണ സംസ്‌കരണ ശാലകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം യുദ്ധസമാനമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.

ഇറാനെതിരെ ഉപരോധ നടപടികള്‍ ശക്തമാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശിച്ചതിനു പിന്നാലെയാണ് സൗദിയില്‍ മൈക്ക് പോംപിയോയുടെ പ്രസ്താവന. ആക്രമണത്തില്‍ അമേരിക്കക്കാര്‍ കൊല്ലപ്പെടാതിരുന്നതു ഭാഗ്യമായെന്ന് പോംപിയോ പറഞ്ഞു.

ഇതുവരെ കാണാത്ത തരത്തില്‍ തീവ്രതയുള്ള ആക്രമണമാണ് അരാംകോയുടെ രണ്ട് എണ്ണ സംസ്‌കരണ ശാലകള്‍ക്കു നേരെയുണ്ടായതെന്ന് പോംപിയോ വ്യക്തമാക്കി. ഇറാനെതിരെ പ്രതികരിക്കാന്‍ ശക്തമായ സഖ്യം രൂപീകരിക്കാനാണ് താന്‍ സൗദിയിലെത്തിയതെന്നും പോംപിയോ പറഞ്ഞു.

അതേസമയം ഭീകരാക്രമണത്തിന് പിന്നില്‍ ഇറാനാണെന്നതിനു കൃത്യമായ തെളിവ് കൈവശമുണ്ടെന്ന് സൗദി പ്രതിരോധ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. തെളിവുകളും ആക്രമണത്തിന് ഉപയോഗിച്ച ഇറാന്‍ നിര്‍മിത ആയുധങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തിലൂടെയാണ് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

അരാംകോയുടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സെപ്റ്റംബര്‍ 11നാണ് സ്‌ഫോടനവും തീപിടിത്തവുമുണ്ടായത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലായിരുന്നു സംഭവം.

Top