ഇന്ത്യന്‍ കര്‍ഷക പ്രതിഷേധങ്ങളില്‍ ആശങ്ക അറിയിച്ച് മൈക്ക് പോംപിയോയ്ക്ക് കത്ത്

വാഷിങ്ടണ്‍: ഇന്ത്യയില്‍ നടക്കുന്ന കാര്‍ഷിക പ്രതിഷേധങ്ങളില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടിക്ക് കത്തെഴുതി യുഎസ് സഭാ പ്രതിനിധികള്‍. ഇന്ത്യന്‍ വംശജയായ പ്രമീള ജയ്പാല്‍ ഉള്‍പ്പടേയുള്ള ഏഴ് കോണ്‍ഗ്രസ് അംഗങ്ങളാണ് മൈക്ക് പോംപിയോയ്ക്ക് കത്തെഴുതിയത്. കര്‍ഷക പ്രക്ഷോഭത്തില്‍ പഞ്ചാബുമായി ബന്ധമുള്ള സിഖ് അമേരിക്കന്‍ വംശജര്‍ക്ക് ആശങ്കയുണ്ട്, വിഷയം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കക്കാരെയും സാരമായി ബാധിക്കുന്നുവെന്നും കത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ഏറെ കണ്ടിട്ടുള്ള രാഷ്ട്രമെന്ന നിലയില്‍ യുഎസിന് ഇന്ത്യയിലെ സാമൂഹിക അസ്വസ്ഥതയുടെ പശ്ചാത്തലത്തില്‍ വ്യക്തമായ ഉപദേശം നല്‍കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയിലെ പഞ്ചാബ് വംശജരെ നേരിട്ട് തന്നെ ബാധിക്കുന്ന പ്രശ്‌നമാണ് ഇത്, അവരുടെ കുടുംബവും ബന്ധുക്കളുമെല്ലാം പഞ്ചാബുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ്. അതിനാല്‍ തന്നെ വിഷയത്തില്‍ ഇടപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്.

അതേസമയം, വിഷയത്തില്‍ ഇടപെട്ട് പരാമര്‍ശനം നടത്തിയ മറ്റ് വിദേശ നേതാക്കള്‍ക്കെത്തിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഇന്ത്യ നടത്തിയത്. കര്‍ഷക സമരത്തില്‍ അഭിപ്രായം പറഞ്ഞ വിദേശ നേതാക്കളെ വിവരമില്ലാത്തവരെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇത് പൂര്‍ണ്ണമായും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഇന്ത്യ വാദിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ആയിരുന്നു ഇത്തരമൊരു പ്രസ്താവന നടത്തിയത്.

Top