വാഷിംഗ്ടണ്‍: വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാക് ടി. എസ്പറും അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. മാക് ടി. എസ്പര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ചൈനയുടെ വെല്ലുവിളി നിലനില്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് എസ്പര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഈ നൂറ്റാണ്ടില്‍ ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കയുടെ ഏറ്റവും മികച്ച പങ്കാളിയാവും ഇന്ത്യയെന്നും എസ്പര്‍ കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശനത്തില്‍ അമേരിക്കയുമായി പ്രതിരോധ സഹകരണ മേഖലയില്‍ പുതിയ കരാറുകള്‍ ഒപ്പുവെച്ചേക്കും. ഉപഗ്രഹചിത്രങ്ങള്‍, ഭൂപടങ്ങള്‍ തുടങ്ങിയവയും സൈനികമായി കൈമാറാവുന്ന രഹസ്യവിവരങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിനു പുറമെ സായുധ ഡ്രോണ്‍, മിസൈല്‍ തുടങ്ങിയ സ്വയം നിയന്ത്രിത സംവിധാനങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതില്‍ സഹകരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ കരാര്‍.