മുംബൈ: കോണ്‍ഗ്രസ് വിട്ട് ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്ന മിലിന്ദ് ദിയോറ രാജ്യസഭയിലേക്കെന്ന് സൂചന. ലോക്സഭാ സീറ്റ് നല്‍കാന്‍ നീക്കമില്ലെന്നാണ് വിവരം. ലോക്സഭാ സീറ്റ് ലഭിക്കാത്തതിലെ അതൃപ്തിയെ തുടര്‍ന്നാണ് ദിയോറ കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ കേന്ദ്രമന്ത്രിയായിരുന്ന ദിയോറയെ ഷിന്‍ഡെ വിഭാഗത്തിന്റെ ദേശീയ മുഖമാക്കാനാണ് പാര്‍ട്ടി ആലോചന.
വരുന്ന തിരഞ്ഞെടുപ്പിലും തങ്ങള്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ശിവസേന പറഞ്ഞിരുന്നു. മുംബൈ സൗത്ത് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഉദ്ദവ് താക്കറേ ശിവസേന അവകാശവാദം ഉന്നയിച്ചതില്‍ മിലിന്ദ് പ്രതിഷേധം അറിയിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് 2014ന് മുമ്പ് ഈ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്ന മിലിന്ദ് ദിയോറ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നത്.
കേന്ദ്ര മന്ത്രിയായിരുന്ന മുരളി ദിയോറയുടെ മകനാണ് മിലിന്ദ് ദിയോറ. സൗത്ത് മുംബൈയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ സ്ഥിരമായി വിജയിച്ച നേതാവാണ് മുരളി ദിയോറ. അദ്ദേഹത്തിന്റെ മരണശേഷം മിലിന്ദ് ദേവ്റയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം മത്സരിച്ച് ഉദ്ദവ് താക്കറേ ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ വിജയിച്ചത്.