ശ്രീലങ്കയിൽ സൈനിക നടപടി: സമര പന്തലുകൾ നീക്കം ചെയ്തു

ശ്രീലങ്ക: റെനിൽ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ സർക്കാർ മന്ദിരങ്ങൾക്ക് മുന്നിലെ സമരപന്തലുകളിൽ സൈനിക നടപടി. സമരപന്തലുകളിൽ സൈന്യം പരിശോധന നടത്തുകയും തകർക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിച്ച നാട്ടുകാർക്ക് നേരെ ലാത്തിചാർജുമുണ്ടായി. അൻപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. തലസ്ഥാനമായ കൊളംബോയിലെ സർക്കാർ വിരുദ്ധ സമരകേന്ദ്രങ്ങളിലാണ് സൈന്യം അക്രമം അഴിച്ചുവിട്ടത്. പ്രസിഡന്റിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന പ്രക്ഷോഭകരേയും സൈന്യം അടിച്ചോടിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തും നീക്കി. പുലർച്ചെ രണ്ട് മണിയോടെയാണ് സൈന്യം സമര പന്തലുകളിലേക്ക് ഇരച്ചെത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മാസങ്ങളോളമായി രാജ്യത്ത് സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നുവരികയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് റെനിൽ വിക്രമസിംഗെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് സൈന്യം ജനങ്ങൾക്കെതിരായ നീക്കം ആരംഭിച്ചത്. നേരത്തെ ആക്ടിങ് പ്രസിഡന്റായിരുന്നപ്പോൾ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയ്ക്ക് മുന്നിലൂടെ കടന്നുപോകുന്ന പ്രധാന റോഡിന്റെ ഇരുവശത്തും നിന്നിരുന്ന സമര പന്തലുകളുടെ നിരകൾ പൂർണ്ണമായും നീക്കം ചെയ്തു. വിക്രമസിംഗെയുടെ നേതൃത്വത്തിൽ സൈന്യം ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും സൈന്യത്തിന്റെ ആക്രമണമുണ്ടായി.

Top