ചൈനക്കെതിരെയും സൈനിക സഖ്യം ? ആശങ്കയിൽ ചൈനീസ് ഭരണകൂടം

ടുവില്‍ ആ സഖ്യവും അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യസുരക്ഷയ്ക്കായി നാറ്റോ മാതൃകയില്‍ പുതിയ വിശാല ചൈനാവിരുദ്ധ സൈനികസഖ്യം രൂപീകരിക്കുമെന്നാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ ഋഷി സുനക് പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നിലപാടിന് പരക്കെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.തുടര്‍ന്ന്, എതിര്‍ സ്ഥാനാര്‍ത്ഥി ലിസ് ട്രസ്സിന്റെ ക്യാംപും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സമാന സഖ്യം രൂപീകരിക്കുമെന്ന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ, ആശങ്ക ഉണര്‍ന്നിരിക്കുന്നതിപ്പോള്‍ ചൈനയിലാണ്. നാറ്റോ മോഡലില്‍ ഒരു സൈനിക സഖ്യം ചൈനക്കെതിരെ വന്നാല്‍ അത് ചൈനയെ സംബന്ധിച്ച് വലിയ ഭീഷണിയാകും. ഇത്തരമൊരു സഖ്യത്തില്‍ ഇന്ത്യ ചേര്‍ന്നേക്കുമെന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്.

ബ്രിട്ടനു മാത്രമല്ല ലോകസുരക്ഷയ്ക്ക് ആകമാനവും ഏറ്റവും വലിയ ഭീഷണിയാണ് ചൈനയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുമെന്നതാണ് ഋഷി സുനകന്റെ നിലപാട്.  ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന 30 കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെ ചൈനീസ് വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളെല്ലാം പൂട്ടിക്കുമെന്ന നിര്‍ണ്ണായക പ്രഖ്യാപനവും അദ്ദേഹം ഇതോടൊപ്പം നടത്തിയിട്ടുണ്ട്. ബ്രിട്ടണ്‍ ഇത്തരമൊരു സഖ്യം രൂപീകരിച്ചാല്‍ നാറ്റോയിലെ അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുംഇന്ത്യ ഉള്‍പ്പെടെയുള്ള ചൈനയുടെ ശത്രു രാജ്യങ്ങളും അത്തരമൊരു സഖ്യത്തില്‍ ചേരാനുള്ള സാധ്യതയാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. റഷ്യ ഇത്തരമൊരു സഖ്യത്തെ പിന്തുണയ്ക്കില്ലങ്കിലും ഇന്ത്യ അത്തരമൊരു സഖ്യത്തിന്റെ ഭാഗമാകുന്നത് റഷ്യയെ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതും ഏറെ ബുദ്ധിമുട്ടാകും. ചൈനക്കെതിരായ ഇന്ത്യന്‍ നിലപാടിനെ ഒരു ഘട്ടത്തിലും റഷ്യന്‍ ഭരണകൂടം എതിര്‍ത്തിട്ടില്ല. അതാണ് ചരിത്രവും. മാത്രമല്ല, ചൈന എതിര്‍ത്തിട്ടു പോലും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് ഇന്ത്യയ്ക്ക് നല്‍കിയതും റഷ്യയാണ്. ലോകത്തെ തന്നെ ഏറ്റവും ശക്തമായ ഈ ആയുധത്തിന്റെ, ഏറ്റവും പുതിയ അപ്‌ഡേഷനാണ് റഷ്യ ഇന്ത്യയ്ക്കു വിട്ടു നല്‍കുന്നത്. ഇതിന്റെ ആദ്യ ഘട്ട വിതരണവും ഇതിനകം തന്നെ നടന്നു കഴിഞ്ഞിട്ടുണ്ട്.

അമേരിക്കക്കെതിരെ പുതിയ സൈനിക സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് റഷ്യ ഗൗരവമായി ആലോചിക്കുന്നതിനിടെയാണ് ചൈനയ്ക്ക് എതിരായ പുതിയ നീക്കത്തിന്റെ ആവശ്യകത ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയ്ക്കും നാറ്റോയ്ക്കും എതിരായി ഒരു സൈനിക സഖ്യം രൂപീകരിച്ചാല്‍ അതില്‍ ഇന്ത്യ ഉണ്ടാകില്ലന്നതാണ്  റഷ്യന്‍ തീരുമാനം വൈകാന്‍ കാരണമായിരിക്കുന്നത്. റഷ്യക്കെതിരായ ഒരു സഖ്യത്തിലും ഇന്ത്യ ഭാഗമാകില്ലന്നതും  ഇന്ത്യയുടെ പ്രഖ്യാപിത നിലപാടാണ്. യുക്രെയിന്‍ – റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍  റഷ്യക്കെതിരായ അമേരിക്കന്‍ ഉപരോധ ആഹ്വാനം തള്ളിക്കളഞ്ഞ ഇന്ത്യ റഷ്യയോടുള്ള അടുപ്പം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകുകയാണ് ചെയ്തിരിക്കുന്നത്. അമേരിക്കയെയും സഖ്യ കക്ഷികളെയും ഏറെ പ്രകോപിപ്പിച്ച നീക്കമായിരുന്നു ഇത്.

എങ്കിലും, ഈ നിലപാടിന്റെ പേരില്‍ ഇന്ത്യക്കെതിരെ നീങ്ങാന്‍ ഇവരാരും തന്നെ ധൈര്യപ്പെട്ടിട്ടില്ലന്നതും  ശ്രദ്ധേയമാണ്. പഴയ ഇന്ത്യയല്ല പുതിയ കാലത്തെ ഇന്ത്യയെന്നത്  അമേരിക്കക്കു തന്നെ നന്നായി അറിയാം. ചൈന പോലും ഇന്ത്യക്കെതിരായി സാഹസത്തിനു മുതിരാത്തതും  ‘ആ’ കരുത്ത് പേടിച്ചിട്ടു തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ച് പാക്കിസ്ഥാന്‍ ഒരു എതിരാളിയേ അല്  ചൈന മാത്രമാണ് പ്രധാന എതിരാളി. ലോക ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ഈ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ വന്‍ പ്രത്യാഘാതമാണ് അത് ലോകത്തിനു സമ്മാനിക്കുക.

വന്‍ സാമ്പത്തിക ശക്തിയായ അമേരിക്കയെ  ചൈന മറികടക്കുമെന്ന ഭയമാണ് ചൈനക്കെതിരായ നീക്കത്തിന്  ബ്രിട്ടണെയും അമേരിക്കയെയും പ്രേരിപ്പിച്ചിരിക്കുന്നത്.ഈ നീക്കത്തിന് മറ്റു നാറ്റോ സഖ്യകക്ഷികളുടെയും യൂറോപ്യന്‍ യൂണിയന്റെയും  ശക്തമായ പിന്തുണയുമുണ്ട്. അതു കൊണ്ട് തന്നെ, ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ നിലപാടിനെ  ഒറ്റപ്പെട്ട നിലപാടായി കാണാന്‍ ചൈനയും റഷ്യയും നിലവില്‍ തയ്യാറുമല്ല.

ചൈന വിരുദ്ധ സൈനിക സഖ്യം വന്നാല്‍ അതില്‍ ഒരിക്കലും ഇന്ത്യ ഭാഗമാകരുത് എന്നാണ്  ചൈനയെ പോലെ തന്നെ റഷ്യയും ആഗ്രഹിക്കുന്നത്. ഇത്തരമൊരു സഖ്യം നാളെ റഷ്യ വിരുദ്ധ സഖ്യമായി മാറാതിരിക്കാന്‍ കൂടിയുള്ള ജാഗ്രതയാണിത്. അതിന് ആദ്യം  ചൈന സംയമനം പാലിക്കണമെന്നതാണ്  റഷ്യയുടെ നിലപാട്. ചൈന – ഇന്ത്യ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനും പാക്കിസ്ഥാനുമായുള്ള സഹകരണത്തില്‍ നിന്നും  പതുക്കെ പിന്നോട്ട് പോകുന്നതിനും ചൈന തയ്യാറായാല്‍ അതല്ലങ്കില്‍ അത്തരമൊരു സന്ദേശം ഇന്ത്യയ്ക്കു നല്‍കപ്പെട്ടാല്‍  ചൈനാ വിരുദ്ധ സൈനിക സഖ്യത്തില്‍  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ചേരില്ലന്നാണ് റഷ്യ കരുതുന്നത്. ഇന്ത്യ സഖ്യത്തില്‍ ചേരില്ലങ്കില്‍ ചൈനാവിരുദ്ധ സഖ്യം എന്ന ആശയം തന്നെ പൊളിയുമെന്ന വിലയിരുത്തല്‍ ചൈനക്കുമുണ്ട്.

ബ്രിട്ടണില്‍ നിന്നും പുതിയ വാര്‍ത്ത പുറത്തു വന്ന ഉടനെ തന്നെ ഇതു സംബന്ധമായി റഷ്യ – ചൈന രഹസ്യ ചര്‍ച്ചയും നടന്നതായാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിനു ശേഷം  ചൈനാവിരുദ്ധ നീക്കം ശക്തിപ്പെടുന്നതായി  ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികളും  മുന്‍പ് തന്നെ  ചൈനീസ് ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ശരി വയ്ക്കുന്ന പ്രതികരണം തന്നെയാണ് ബ്രിട്ടണില്‍ നിന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ പ്രധാനമന്ത്രി അധികാരമേറ്റ ശേഷം  ചൈനാ വിരുദ്ധ സൈനിക സഖ്യം സംബന്ധിച്ച് വിപുലമായ യോഗം നടക്കുവാനാണ് സാധ്യത. അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അതു തന്നെയാണ്. ഇത്തരമൊരു സൈനിക സഖ്യം രൂപം കൊണ്ടാല്‍ പിന്നെ അതിലെ അംഗരാജ്യത്തിന് എന്ത് ഭീഷണി ഉണ്ടായാലും ഒറ്റക്കെട്ടായാണ് നേരിടുക. ആകര്‍ഷകമായ ഈ വാഗ്ദാനത്തിനു പിന്നില്‍ വലിയ അപകടവും പതിയിരിപ്പുണ്ട്. അത് സാമ്രാജ്വത്വത്തിന്റെ താല്‍പ്പര്യമാണ്. ഇതാകട്ടെ ഏറ്റവും കൂടുതല്‍ തിരിച്ചറിയുന്നതും  ഒരുപക്ഷേ ഇന്ത്യയായിരിക്കും. ചൈനയെ ചൂണ്ടിക്കാട്ടി  റഷ്യക്കെതിരെ ഉപയോഗപ്പെടുത്താനാണ് ഇത്തരം സഖ്യം കൊണ്ട് സാമ്രാജ്വത്തെ ശക്തികള്‍ ശ്രമിക്കുന്നതെങ്കില്‍  ഒരിക്കലും ഈ സഖ്യവുമായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാകുകയില്ല. അക്കാര്യവും ഉറപ്പാണ്. എന്നാല്‍, ചൈന ഇന്ത്യക്കെതിരായി പ്രകോപനം തുടരുകയും  റഷ്യയല് ചൈന മാത്രമാണ് ലക്ഷ്യമെന്ന് ബ്രിട്ടണും അമേരിക്കയും ഉറപ്പു നല്‍കുകയും ചെയ്താല്‍ ഇന്ത്യയും ഈ സഖ്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതമായേക്കും. ആ സാധ്യതയും, ഈ ഘട്ടത്തില്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ല


EXPRESS KERALA VIEW

Top